ഫെഡറല്‍ ബാങ്കിന്‍റെ 91-ാമത് വാര്‍ഷിക പൊതുയോഗം നടന്നു

Spread the love

കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 91-ാമത് വാര്‍ഷിക പൊതുയോഗം വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന ചൊവ്വാഴ്ച നടന്നു. ബാങ്ക് ചെയര്‍മാന്‍ സി ബാലഗോപാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റു ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓഹരി ഉടമകളും ഓഡിറ്റര്‍മാരുടെ പ്രതിനിധികളും പങ്കെടുത്തു.

2021-22 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങളും ഓഹരി ഉടമകളുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഓഹരി ഉടമകള്‍ക്ക് 90 ശതമാനം ഡിവിഡന്‍റ് പ്രഖ്യാപിക്കുന്നതും ബോണ്ട് വിതരണത്തിലൂടെ ഫണ്ട് ശേഖരിക്കുന്നതും കടപത്രമിറക്കി ബാങ്കിന്‍റെ ടിയര്‍ വണ്‍ മൂലധനം ഉയര്‍ത്തുന്നതുമടക്കം മറ്റു 12 പ്രമേയങ്ങളാണ് ഓഹരി ഉടമകളുടെ അനുമതിക്കായി സമര്‍പ്പിച്ചത്. സംകര്‍ഷണ്‍ ബസു, രാമാനന്ദ് മുന്ദ്കുര്‍ എന്നിവരെ ബാങ്കിന്‍റെ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിക്കുക, ശ്യാം ശ്രീനിവാസനെ ബാങ്ക് സി.ഇ.ഒയും എംഡിയുമായി പുനര്‍നിയമക്കുക, അശുതോഷ് ഖജുരിയയെ എക്സിക്യൂട്ടീവ് ഡയറക്ടറായി പുനര്‍നിയമിക്കുക എക്സികുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ക്ക് പ്രതിഫലവും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യവും ഓഹരി ഒപ്ഷനുകളും നല്‍കുക തുടങ്ങിയ പ്രമേയങ്ങള്‍ക്കും യോഗം ഓഹരി ഉടമകളുടെ അനുമതി തേടി.

ഏറ്റവുമധികം ആദരിക്കപ്പെടുന്ന ബാങ്കിങ് സ്ഥാപനമായിത്തീരാനുള്ള യാത്രയിലാണ് ഫെഡറല്‍ ബാങ്കെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ബാങ്കിങ് അനുഭവം നല്‍കുന്നതിനാണ് ശ്രദ്ധ നല്‍കുന്നതെന്നും ചെയര്‍മാന്‍ സി ബാലഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പലവിധത്തിലും വളരെ സജീവമായിരുന്നു. ക്ലേശകരമായ സാഹചര്യങ്ങളായിരുന്നിട്ടു കൂടി വാഗ്ദാനങ്ങള്‍ പാലിക്കാനും പ്രതിജ്ഞാബദ്ധതയില്‍ ഉറച്ചു നില്‍ക്കാനും സാധിച്ചുവെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച 50 തൊഴിലിടങ്ങളുടെ പട്ടികയില്‍ 21 സ്ഥാനങ്ങള്‍ കടന്ന് ഈ വര്‍ഷം 26-ാം സ്ഥാനം നേടാനും ഫെഡറല്‍ ബാങ്കിനു കഴിഞ്ഞു. ലിംഗ, സാംസ്കാരിക വൈവിധ്യത്തിന് മികച്ച ഉദാഹരണമായി ജീവനക്കാരില്‍ 41 ശതമാനവും വനിതകളാണ്. 21 ശതമാനം ബ്രാഞ്ചുകളെ നയിക്കുന്നതും വനിതകളാണ്. പുതുതായി റിക്രൂട്ട് ചെയ്ത 805 പേരില്‍ 42 ശതമാനവും വനിതകളാണ്. ഇന്ത്യയിലൂടനീളം 20 സംസ്ഥാനങ്ങളിലായി 200 കാമ്പസുകളില്‍ നിന്നാണ് പുതിയ ജീവനക്കാരെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്‍റെ നവീന പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) പദ്ധതികളെ മുന്‍നിര്‍ത്തി, വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് അംഗമായ ഐഎഫ്സി ഫെഡറല്‍ ബാങ്കില്‍ സജീവ നിക്ഷേപ താല്‍പര്യം പ്രകടിപ്പിക്കുന്നതും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തിന്‍റെ തുടര്‍ച്ചയായി 770 കോടി രൂപ സെല്‍ഫ്-സര്‍വീസ് സംവിധാനങ്ങള്‍ മുഖേന, മാനുഷിക ഇടപെടലുകളില്ലാതെ വിതരണം ചെയ്തു. ഫെഡറല്‍ ബാങ്കിന്‍റെ ഡിജിറ്റല്‍ സേവനങ്ങളിലൂടെ 96.9 ലക്ഷം ഡിജിറ്റല്‍ ഇടപാടുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്. സ്വകാര്യ ബാങ്കുകളിലൂടെ നടന്ന ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഫെഡറല്‍ ബാങ്ക് അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ഫെയ്സ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍ എന്നീ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ഷിക പൊതുയോഗം തത്സമയം സംപ്രേഷണം ചെയ്യുകയുണ്ടായി.

Report :  Anju V Nair (Accounts Manager_

 

 

 

Author