സംസ്കൃത ഭാഷയെ സാധാരണക്കാരിലേയ്ക്ക് എത്തിക്കണം : ഡോ. ആർ. ബിന്ദു

Spread the love

സംസ്കൃതഭാഷയിലും വൈജ്ഞാനിക അന്വേഷണങ്ങളിലും കേരളത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. പ്രകൃതിയുടെയും സാംസ്കാരിക തനിമയുടെയും പഞ്ചാത്തലത്തിൽ പൂർവ്വികർ നടത്തിയ വേറിട്ട അന്വേഷണങ്ങളിലൂടെയും നമുക്ക് ലഭിച്ച വൈജ്ഞാനിക ഖജനാവാണ് സംസ്കൃത ഭാഷ. ഈ അക്ഷയഖനിയെ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനുളള വിജ്ഞാന വ്യാപന ശ്രമങ്ങളാണ് സംസ്കൃത സർവ്വകലാശാലയുടെ ദൗത്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ‘അഷ്ടാദശി പദ്ധതി’യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന ‘സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ആർ. ബിന്ദു. വിജ്ഞാന സമ്പദ്‍വ്യവസ്ഥ സൃഷ്ടിക്കുന്നതിനെ സർവ്വകലാശാലകൾ സാമൂഹ്യദൗത്യമായി കാണണം. കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവും നിലനിർത്തുവാനും സംസ്കൃത ഭാഷയെ കൂടുതൽ അറിയുവാനും ‘സംസ്കൃത മാതൃകാവിദ്യാലയങ്ങൾ’ പുതിയ തലമുറയ്ക്ക് സഹായകമാകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ., റോജി. എം. ജോൺ എം. എൽ. എ., പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. ഗോപാലകൃഷ്ണൻ എം. ബി., ഫിനാൻസ് ഓഫീസർ സുനിൽകുമാർ എസ്., ഡോ. ഭവാനി വി. കെ. എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ‘അഷ്ടാദശി പദ്ധതി’യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന ‘സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കുന്നു. വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author