ഹൂസ്റ്റണ്‍ : മെമ്മോറിയല്‍ റിഹാബ് ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ക്ളോഡിയ മാര്‍ട്ടിനസ് ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗിയായിരുന്നുവെങ്കിലും വിജയകരമായി അതിനെ അതിജീവിച്ചു ഇപ്പോള്‍ ഇവിടെ രോഗികളെ പരിശീലിപ്പിക്കുന്നു .
യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് തലച്ചോറിനെ ബാധിക്കുന്ന മാല്‍ഫോര്‍മേഷന്‍ എന്ന അപൂര്‍വ രോഗത്തിന് വിധേയയായത് . ബ്രെയിന്‍ ടിഷ്യു സ്‌പൈനല്‍ കോഡിലേക്ക് വളര്‍ന്നു വരുന്ന ഈ രോഗം ശരീരത്തെ മുഴുവന്‍ തളര്‍ത്താന്‍ കഴിയുന്ന ഒന്നായിരുന്നു .
രോഗം സ്ഥിരീകരിച്ചതോടെ രണ്ടു വലിയ ബ്രെയിന്‍ ശാസ്ത്രക്രിയക്കാണ് ഇവര്‍ വിധേയരായത് എന്നാല്‍ ചെറുപ്പം മുതല്‍ ഡോക്ടറാകണമെന്ന മോഹത്തിന് ഈ ശസ്ത്രക്രിയ തടസ്സമാകരുതെന്ന നിര്‍ബന്ധം ഇവര്‍ക്കുണ്ടായിരുന്നു .
എന്നാല്‍ ആറാമത്തെ ശസ്ത്രക്രിയ ഇവരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തി പെട്ടെന്നുണ്ടായ പക്ഷാഘാതം കഴുത്തു മുതലുള്ള ശരീരാവയവങ്ങളെ തളര്‍ത്തി , എഴുതുന്നതിനോ ലാപ്ടോപ് ഉപയോഗിക്കുന്നതിനോ പുസ്തകത്തിന്റെ പേജുകള്‍ പോലും മറിക്കുന്നതിനോ കഴിയാത്ത വിധം തളര്‍ച്ച കാര്യമായി ബാധിച്ചു . എന്നാല്‍ ഇവരുടെ കൈകളും ശരീരവുമായി മാതാവ് രംഗപ്രവേശനം ചെയ്തു. മെഡിക്കല്‍ സ്‌കൂള്‍ പഠനം തുടരുന്നതിന് മാതാവിന്റെ സഹായം വളരെയേറെ സഹായിച്ചു .
മാസങ്ങളുടെ പരിശീലനവും മെമ്മോറിയല്‍ ആശുപത്രിയിലെ തെറാപ്പിയുടെ ഫലമായും നടക്കുന്നതിനും കഴിഞ്ഞു . യു റ്റി ഹെല്‍ത്ത് മെക്ക് ഗവേണ്‍ മെഡിക്കല്‍ സ്‌കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തു . മെമ്മോറിയല്‍ ആശുപത്രിയില്‍ ഇപ്പോള്‍ റിഹാബ് രോഗികള്‍ക്ക് പരിശീലനവും ആത്മധൈര്യവും നല്‍കി ഡോക്ടറായി പ്രവര്‍ത്തിക്കുന്നു . വിവാഹം കഴിക്കണമെന്ന മോഹവും സഫലമാകുമെന്ന് ഇവര്‍ വിശ്വസിക്കുന്നു .