തിരുവനന്തപുരം: തീരദേശജനതയുടെ ജീവിത പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹമൊന്നാകെ പിന്തുണയ്ക്കണമെന്നും നിരന്തരം ഭീഷണികള്‍ നേരിടുന്ന മലയോര തീരദേശ ജനസമൂഹം നിലനില്പിനായി സംഘടിച്ച് കൈകോര്‍ക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇത് ഏതെങ്കിലുമൊരു സമുദായത്തിന്റെ വിഷയമല്ല. മറിച്ച് തീരദേശ സമൂഹമൊന്നാകെ നേരിടുന്ന ദുരന്തമാണ്. സമാനമായ രീതിയിലാണ് മലയോരമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണ്‍, പരിസ്ഥിതിലോല ഭൂപ്രശ്നങ്ങളും. ഉദ്യോഗസ്ഥരുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും ജനദ്രോഹ അജണ്ടകള്‍ക്കു മുമ്പില്‍ ഭരണനേതൃത്വങ്ങളും ജനപ്രതിനിധികളും നിഷ്ക്രിയരായി ഓച്ഛാനിച്ചു നില്‍ക്കുന്നത് ഈ നാടിന്റെ ജനാധിപത്യ ഭരണവ്യവസ്ഥിതിക്ക് അപമാനകരമാണ്.
തികച്ചും അതിക്രൂരവും ഭീകരവുമായ സമീപനമാണ് കടലോര-മലയോര ജനതയോട് സംസ്ഥാന ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഒത്താശയോടെ പശ്ചിമഘട്ടത്ത് വന്‍കിട ക്വാറികള്‍ തീര്‍ത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ബിനാമികളായി നിയമങ്ങള്‍ അട്ടിമറിച്ച് ക്വാറി മാഫിയകള്‍ വിലസുമ്പോള്‍ കര്‍ഷകനെ ഇവര്‍ക്കായി സ്വന്തം കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കാന്‍, ബഫര്‍സോണും, പരിസ്ഥിതിലോല പ്രഖ്യാപനവും തുടരുന്നു. വന്യമൃഗങ്ങളെ കൃഷിയിടങ്ങളിലേയ്ക്ക് തുറന്നുവിട്ട് മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുന്ന അതിക്രൂരത ദിവസേന ആവര്‍ത്തിക്കുന്നു. കടലില്‍ കല്ലിട്ടുള്ള പുലിമുട്ട് നിര്‍മ്മാണം തീരദേശ കുടുംബങ്ങളുടെ വീടും ജീവിതവും തകര്‍ക്കുകയാണ്. പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടുകളെപ്പോലും അവഗണിച്ചുള്ള ഇത്തരം ധിക്കാരത്തിനും നീതിനിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ജനദ്രോഹമാണെന്നും മലയോര തീരദേശ ജനസമൂഹം ഒരുമിച്ചു കൈകോര്‍ക്കുന്ന ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്താവുന്ന വന്‍ ഭവിഷ്യത്തുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലിലൂടെ പ്രശ്നപരിഹാരസാഹചര്യം സൃഷ്ടിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍