കൊച്ചിയില്‍ സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക് തത്വത്തില്‍ അനുമതി:
ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കി. മറൈന്‍ ഡ്രൈവും അതിന്റെ പരിസരപ്രദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കും. തെക്കുഭാഗത്ത് മറൈന്‍ ഡ്രൈവ്, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളും വടക്ക് വടുതല, പച്ചാളം പ്രദേശം, കായലുകള്‍ക്ക് കുറുകെയും പടിഞ്ഞാറുഭാഗത്ത് മുളവുകാട് ദ്വീപ് എന്നിവിടങ്ങളുമാണ് പദ്ധതി പ്രദേശം.
പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എസ് പി വി രൂപീകരിക്കും. ഡിപിആര്‍ സമര്‍പ്പിക്കുന്നത് വരെയുള്ള ഏകോപനത്തിന് ജനറല്‍ ബോഡിയും പദ്ധതി നിര്‍വ്വഹണ കമ്മിറ്റിയും രൂപീകരിക്കും. മേല്‍നോട്ടത്തിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. കിഫ്ബി ജനറല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കാനും തീരുമാനിച്ചു.
നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതല്‍:
നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ധനസഹായം:
കാസർഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിക്കേറ്റ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അഗ്നിശമന രക്ഷാകേന്ദ്രത്തിലെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ സമീര്‍ പി, റിയാസ് പി എന്നിവരുടെ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുവാന്‍ തീരുമാനിച്ചു.
സമീര്‍ പി. 2 ലക്ഷം, റിയാസ് പി എഴുപതിനായിരം എന്നിങ്ങനെ ചികിത്സയ്ക്ക് ഇതുവരെ ചിലവായ തുക അനുവദിക്കും. തുടര്‍ ചികിത്സക്ക് തുക ചിലവാകുന്ന മുറക്ക് അനുവദിക്കാനും തീരുമാനിച്ചു.
പി.എസ്.സി. അംഗം:
പബ്ലിക്ക് സര്‍വ്വീസ് കമ്മിഷനില്‍ പുതിയ അംഗമായി ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി അഡ്വ. സി. ജയചന്ദ്രനെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ഗാരണ്ടി:
ഓട്ടോകാസ്റ്റ് ലിമിറ്റഡിന് കേരള ബാങ്കില്‍ നിന്ന് 10 കോടി രൂപവരെ വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗാരണ്ടി നല്‍കാന്‍ തീരുമാനിച്ചു. ദേശസാല്‍കൃത ബാങ്കില്‍ നിന്ന് 10 കോടി രൂപവരെ വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗാരണ്ടി അനുവദിച്ചു നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്‌ക്കരിച്ചാണിത്.
സാധൂകരിച്ചു:
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ 12.2.2021 ലെ ഉത്തരവ് പ്രകാരം നടപ്പാക്കിയ സ്റ്റാഫ് പാറ്റേണിനെതിരെ വിവിധ വിഭാഗം ജീവനക്കാര്‍ സമര്‍പ്പിച്ച കോടതി കേസുകളിലെ വിധികളുടെയും നിയമ വകുപ്പിന്റെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച 06.04.2022 ലെ ഉത്തരവ് സാധൂകരിക്കാന്‍ തിരുമാനിച്ചു.
മയ്യില്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ഭൂമി ഉപയോഗാനുമതി:
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് മയ്യില്‍ വില്ലേജില്‍ പൊതുമരാമത്ത് റോഡ്‌സ് വകുപ്പിന്റെ കൈവശമുള്ള 0.2061 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ പുനര്‍ നിക്ഷിപ്തമാക്കി രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി പോലീസ് വകുപ്പിന് ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിച്ചു.