കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുത് : മുഖ്യമന്ത്രി

Spread the love

കിഫ്ബിയിലൂടെ വലിയ വികസനം സാധ്യമാക്കി

തിരുവനന്തപുരം: കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ വലിയ ചെലവാണ്. അവയവ മാറ്റിവയ്ക്കയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ബ്രഹത്തായ സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തെ ആദ്യ സംരഭമാകും. ജനങ്ങള്‍ക്ക് നല്ല ചികിത്സയും പിന്തുണയും നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് ആരോഗ്യ മേഖലയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തുന്നത്. നവകേരള സൃഷ്ടിയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ രംഗത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആശുപത്രികളില്‍ ചികിത്സിക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നു. സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരും പൊതു ആരോഗ്യ സംവിധാനത്തിലെത്തുന്നു. ആവശ്യമായ ശേഷി ഖജനാവിനില്ലാത്തതാണ് കിഫ്ബിയിലൂടെ പണം കണ്ടെത്തിയത്. കിഫ്ബി വഴി 2021 ആയപ്പോയേക്കും ലക്ഷ്യം വച്ചതിനെക്കാള്‍ കൂടുതല്‍ കൈവരിക്കാനായി. 50,000 കോടി രൂപ ലക്ഷ്യം വച്ചതിനേക്കാള്‍ 62,000 കോടി രൂപയുടെ പദ്ധതികള്‍ പശ്ചാത്തല വികസനത്തിന്റെ ഭാഗമായി സാധ്യമാക്കാനായി. ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലങ്ങള്‍, വിവിധ വികസന പദ്ധതികള്‍ തുടങ്ങിയവയുടെ പശ്ചാത്തല വികസനത്തിന് കിഫ്ബി ഏറെ സഹായിച്ചു.

സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യങ്ങളൊരുക്കുന്നതിന് ഏറെ സഹായിച്ചു. കോവിഡ് മഹാമാരിക്കാലത്ത് പല വികസിത രാജ്യങ്ങളും മുട്ടുകുത്തിയപ്പോള്‍ നമ്മുടെ ആരോഗ്യ രംഗം മികച്ചതായി നിന്നു. ഓക്‌സിജന്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. അര്‍പ്പണ മനോഭാവത്തോടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ സേവനമാണ് നല്‍കിയത്.

ആശുപത്രികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഏത് ആശുപത്രിയാണെങ്കിലും നല്ല ശുശ്രൂഷ നല്‍കാനാണ് ശ്രമിക്കുക. സ്വാഭാവികമായി മരണപ്പെട്ടുപോകുന്നവരുണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ അക്രമം നടക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കാണുന്നുണ്ട്. ഇതംഗീകരിക്കാന്‍ കഴിയില്ല. പരാതിയുണ്ടെങ്കില്‍ ഭരണകൂടം അത് ഗൗരവമായി പരിശോധിക്കുന്നതാണ്. നല്ല സംയമനം പാലിക്കണം. അതോടൊപ്പം താഴെത്തലം മുതലുള്ളവര്‍ക്ക് അര്‍പ്പണ മനോഭാവം ഉണ്ടായിരിക്കണം. ചെറിയ നോട്ടപിശക് പോലും ഉണ്ടാകാന്‍ പാടില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരുകൂട്ടം ആരോഗ്യ സംവിധാനങ്ങള്‍ ഒന്നിച്ച് കിടക്കുന്നു എന്ന പ്രത്യേകതയുണ്ട്. അതിനാല്‍ തന്നെ ഇവിടെ വലിയ സൗകര്യങ്ങള്‍ വരുത്തുന്നത് നാട് ആഗ്രഹിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും മികച്ച ചികിത്സ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് സര്‍ക്കാര്‍ സവിശേഷ പ്രാധാന്യമാണ് നല്‍കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജിന് 100 എംബിബിഎസ് സീറ്റിന് അനുമതി ലഭ്യമായി. കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നു. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം 24 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ആദ്യമായി എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. എമര്‍ജന്‍സി മെഡിസിന്‍ മൂന്ന് പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി കോഴ്‌സ് ആരംഭിച്ചു. 4.16 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്‌ലാബ് പ്രവര്‍ത്തനസജ്ജനമാക്കുന്നു. സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സജ്ജമായി വരുന്നു. എമര്‍ജന്‍സി മെഡിസിന്‍ സംവിധാനമൊരുക്കി നൂതന സംവിധാനങ്ങളോടു കൂടിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സ്‌പെറ്റ് സിടി ആരംഭിക്കാന്‍ അനുമതി നല്‍കി. കേരളത്തില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കി. മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാംഘട്ടത്തില്‍ കെട്ടിട നിര്‍മ്മാണമാണ് നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു സ്വാഗതവും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. കലാ കേശവന്‍ നന്ദിയും പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. അനില്‍കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു എന്നിവര്‍ സംസാരിച്ചു.

Author