രണ്ടുമാസമായി ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തിന് മുന്നില്‍ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിവന്ന ആനിശ്ചിതകാല സമരം അവസാനിപ്പിച്ചു.
മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ദൃഢനിശ്ചയത്തിന്റെ വിജയമാണിതെന്ന് തമ്പാനൂര്‍ രവി പറഞ്ഞു. കഴിഞ്ഞ 56 ദിവസമായി ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് തൊഴിലാളികള്‍
സമരത്തിലായിരുന്നു. സമരത്തോട് തുടക്കത്തില്‍ മുഖതിരിച്ച സര്‍ക്കാരിന് തൊഴിലാളികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.
മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയ ഉടന്‍ വാട്ടര്‍ അതോറിറ്റിയിലും പെ റിവിഷന്‍ നടപ്പാക്കുമായിരുന്നു.അതേസമയം 2019 ജൂലൈ 1 ന് ശമ്പള പരിഷ്‌ക്കരണ കാലാവധി അവസാനിച്ചു. എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രക്ഷോഭം ആരംഭിച്ചത്. തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറാകാതിരുന്ന സര്‍ക്കാര്‍ പലഘട്ടത്തിലും അവരെ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്.വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വെള്ളക്കര കുടിശിക ഇനത്തില്‍ 2300 കോടി രൂപയോളം കിട്ടാനുണ്ട്. അത് കാര്യക്ഷമമായി പരിച്ചെടുത്ത് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജലവിഭവകുപ്പ് ഒന്നും ചെയ്യാതെയാണ് തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബിജു,രാഗേഷ്,പി.സന്ധ്യ,റിജിത്ത് ചന്ദ്രന്‍, എഐസിസി അംഗം കെ.എസ്.ഗോപകുമാര്‍,മണ്ണാമൂല രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.