മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.
തിരുവനന്തപുരം: ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് വേണ്ടിയുള്ള അരികെ പരിശീലന സഹായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിശീലന പരിപാടികള്‍ക്കുള്ള പരിശീലന സഹായിയാണിത്.
പാലിയേറ്റീവ് രോഗികള്‍ക്ക് മികച്ച ശാസ്ത്രീയ പരിചരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പാലിയേറ്റീവ് കെയര്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളില്‍ പരിശീലന പരിപാടികള്‍ നടന്നുവരുന്നു. പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ അംഗീകാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗുണമേന്‍മയുള്ള പാലിയേറ്റീവ് പരിശീലനം നല്‍കി പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പാലിയേറ്റീവ് പരിചരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ക്രോണിക് പേഷ്യന്റ്‌സ് മാനേജ്‌മെന്റ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഫിസിയോത്തെറാപ്പി സൗകര്യവും ഈ യൂണിറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും സെക്കന്ററി പാലിയേറ്റീവ് യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. സന്നദ്ധ മേഖലയില്‍ മൂന്നുറിലധികം സന്നദ്ധ സംഘടനകള്‍ രോഗികള്‍ക്ക് പരിചരണം നല്‍കുന്നു. കൂടാതെ, രോഗികള്‍ക്ക് സാമൂഹ്യ മാനസിക പിന്തുണ നല്‍കുന്ന നിരവധി സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ, ജനറല്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
വിവിധ തലങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ക്ക് പൊതുരൂപവും പാഠ്യപദ്ധതിയും രൂപപ്പെടുത്തി. എല്ലാ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും രോഗീ പരിശീലനത്തോടൊപ്പം പരിശീലനവും ഒരു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം. കൃത്യമായ പരിശീലനം നല്‍കത്തക്ക വിധത്തില്‍ തങ്ങളുടെ രോഗീ പരിചരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഓരോ പരിശീലന കേന്ദ്രവും പ്രയത്‌നിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.