ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട മലയോര ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച രണ്ട് കോടി രൂപ റോഡുകൾ, കൾവർട്ടുകൾ എന്നിവയുടെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കാൻ പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഉരുൾപൊട്ടലിൽ ഏറ്റവും നാശനഷ്ടം നേരിട്ട കണിച്ചാർ ഗ്രാമപഞ്ചായത്തിന് മൂൻതൂക്കം നൽകും. കോളയാട്, കേളകം, പേരാവൂർ എന്നിവയാണ് നാശനഷ്ടം നേരിട്ട മറ്റ് പഞ്ചായത്തുകൾ. പുനർനിർമ്മാണത്തിന് പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. റോഡ്, കൾവർട്ട് പുനർനിർമ്മാണത്തിനാണ് ജില്ലാ പഞ്ചായത്ത് സഹായം നൽകുക. രണ്ട് കോടിക്ക് പുറത്തുവരുന്ന, പാലം നിർമ്മാണം ഉൾപ്പെടെയുള്ള മറ്റ് പദ്ധതികൾ തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ദുരന്ത നിവാരണ ഷെൽട്ടറുകളുടെ നിർമ്മാണത്തിന് മുൻകൈയടുക്കാനും ദുരന്ത സാഹചര്യങ്ങൾ നേരിട്ടാൽ അടിയന്തിരമായി മുന്നറിയിപ്പ് നൽകാൻ സംവിധാനങ്ങൾ പ്രവർത്തികമാക്കാനും പ്രസിഡൻറ് നിർദേശിച്ചു.കണിച്ചാറിൽ 15 റോഡുകൾ, 12 കൾവർട്ടുകൾ, നാല് പാലങ്ങൾ എന്നിവയാണ് തകർന്നതെന്ന് പ്രസിഡൻറ് ആൻറണി സെബാസ്റ്റിയൻ അറിയിച്ചു. ഗതാഗത മാർഗങ്ങൾ തകർന്ന് ആറ് പട്ടികവർഗ കോളനികളിലേക്ക് വഴി ഇല്ലാതായതായി അദ്ദേഹം പറഞ്ഞു. പുഴയോര ഭിത്തികൾ തകർന്നു. പുഴകൾ വഴി മാറിയൊഴുകി. പുഴകളിൽ അടിഞ്ഞുകിടക്കുന്ന കൂറ്റൻ പാറക്കല്ലുകൾ, മണൽ, വൻമരങ്ങൾ എന്നിവ നീക്കം ചെയ്യാൻ ജില്ലാതലത്തിൽ നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോളയാട് ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ചെക്യേരി കോളനി റോഡ്, അഞ്ച് പാലങ്ങൾ, നാല് കൾവർട്ടുകൾ എന്നിവ തകർന്നതായി പ്രസിഡൻറ് എം റിജി അറിയിച്ചു. കേളകം, പേരാവൂർ ഗ്രാമപഞ്ചായത്തുകളിലും നാശനഷ്ടം നേരിട്ടു.