വയനാട് ജില്ലയിലെ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ജില്ലാ അടിസ്ഥാനത്തിലുള്ള പൊതുവായ പദ്ധതികളെക്കാള്‍ ഓരോ കോളനിക്കും ജനവിഭാഗത്തിനും ഓരോ സ്‌കൂളിനും വ്യത്യസ്തവും വികേന്ദ്രീകൃതവുമായ ആസൂത്രണവും കര്‍മ്മ പരിപാടികളുമാണ് വേണ്ടതെന്ന് ജില്ലാ കളക്ടര്‍ എ. ഗീത. ഗോത്രസൗഹൃദ വിദ്യാലയആശയ പ്രചാരണത്തിനായി ആവിഷ്‌ക്കരിച്ച ‘കൂട്ട്’ പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റ് മിനി ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഗോത്രവിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഓരോ കോളനിയിലെയും ജനവിഭാഗത്തിന്റെയും സാഹചര്യം മനസ്സിലാക്കിയുള്ള സമീപനങ്ങള്‍ ഉണ്ടാവണമെന്നും ഇതിന് ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുടെയും സഹകരണവും ഏകോപനവും വേണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെയും പട്ടികവര്‍ഗ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) മുന്‍കയ്യെടുത്താണ് ‘കൂട്ട്’ എന്ന പേരില്‍ ഗോത്രസൗഹൃദ വിദ്യാലയമെന്ന ആശയത്തെ മുന്‍നിര്‍ത്തി വിപുലമായ പദ്ധതി ആവിഷ്‌കരിച്ചത്. ഗോത്രവിദ്യാര്‍ഥികള്‍ക്ക് മികച്ച സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തന പരിപാടികള്‍ ചേര്‍ന്ന സമഗ്ര പദ്ധതിയാണ് കൂട്ട്.
ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠനത്തോടുള്ള താല്‍പര്യം, വീട്ടിലെയും സ്‌കൂളിലേയും പഠന സാഹചര്യം, പിന്തുണാ സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായുള്ള ബഹുമുഖ ഇടപെടലുകളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഇതര വകുപ്പുകളുടെ സഹകരണവും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സംവിധാനങ്ങളും വിദ്യാലയ പ്രവര്‍ത്ത നങ്ങള്‍ക്ക് കൂട്ടായി മാറേണ്ടതുണ്ട്. ഊരുകളില്‍ പോയി കുട്ടികളെ ക്ഷണിക്കുകയും അവരെ ആകര്‍ഷിക്കുന്നതിനും വിദ്യാലയത്തില്‍ നിലനിര്‍ത്തുന്നതിനുമായി സവിശേഷ പരിപാടികള്‍ നടത്തുകയും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രായോഗിക മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുന്ന അധ്യാപകര്‍ക്കും കൂട്ട് സഹായകമാവും.