അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കി മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം നഗരത്തില്‍ വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്താണ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പേയാട് സ്വദേശികളായ അനുവും കുടുംബവും അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ പാളയം വിജെടി ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനേയാണ് മറ്റൊരു ബൈക്ക് ഇടിച്ചത്. അനുവിന്റെ സഹോദരന് ബ്രയിന്‍ ട്യൂമറാണ്. അതിനാല്‍ അദ്ദേഹത്തിന്റെ മക്കളെ കൂടി ഓണാഘോഷവും ലൈറ്റും കാണിച്ച് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നും ആതിര മക്കളുമായി തെറിച്ച് വീണു. ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്ക് ആതിരയുടെ കാലില്‍ വീണ് പരിക്കേറ്റു. മറ്റാര്‍ക്കും പരിക്ക് പറ്റിയില്ല.

ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗത കുരുക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി വീണാ ജോര്‍ജ് അപകടം കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങി. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ ഗതാഗത കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുമെന്ന് കണ്ടു. പരിക്കേറ്റ ആതിരയെ വണ്ടിയില്‍ കയറ്റി. ഒപ്പം ആതിരയുടേയും അനുവിന്റെ സഹോദരന്റേയും രണ്ട് വയസുള്ള മക്കളെ മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടൊപ്പം ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞ് അടിയന്തര വൈദ്യ സഹായം ഉറപ്പാക്കി.

Author