അട്ടപ്പാടിയിലെ കുട്ടികളിലെ വിളര്‍ച്ച കണ്ടെത്താന്‍ രക്തശോഭ പദ്ധതി

Spread the love

അട്ടപ്പാടി മേഖലയിലെ കുട്ടികളില്‍ വിളര്‍ച്ച നേരെത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനായി രക്തശോഭ പദ്ധതിയുമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം. മൂന്നു മുതല്‍ പത്ത് വയസു വരെയുള്ള കുട്ടികളിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടര്‍ചികിത്സ നല്‍കി രക്തകുറവ് മൂലമുള്ള മരണം തടയുക, വിളര്‍ച്ചാരോഗം പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യമുള്ള കുട്ടികളെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ട് ഷോളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ സബ് സെന്ററുകളിലും അതിവേഗം ഹീമോഗ്ലോബിന്‍ പരിശോധിക്കുന്ന ഹീമോഗ്ലോബിനോമീറ്ററുകള്‍ ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.

ബുധനാഴ്ചകളില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും മറ്റ് സബ് സെന്ററുകളിലും ഊരുകളിലും ഒ.ആര്‍.ഐ. ക്യാമ്പുകള്‍ക്കൊപ്പം രക്തശോഭ സ്‌ക്രീനിങ് ക്യാമ്പ് ജെ.പി.എച്ച്.എന്‍മാര്‍ മുഖേന നടത്തുകയും ഗുരുതരമായി വിളര്‍ച്ച ബാധിച്ച കുട്ടികളെ അതേ ദിവസവും ഗുരുതരമല്ലാത്ത വിളര്‍ച്ച ബാധിച്ച കുട്ടികളെ രണ്ട് ദിവസത്തിനകവും തുടര്‍ചികിത്സക്കും പരിശോധനകള്‍ക്കുമായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. രക്തശോഭ ക്യാമ്പ് നടത്തിയതിന്റെയും ഓരോ കുട്ടിയുടെയും ഹീമോഗ്ലോബിന്റെ അളവ്, തുടര്‍ പരിശോധനകള്‍ തുടങ്ങിയ സമഗ്ര വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കാനും മാസാവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Author