വളര്‍ന്നുവരുന്നത് പുതിയ ആശയങ്ങളുടെ തലമുറ: മന്ത്രി കെ. എന്‍. ബാലഗോപാല്‍

Spread the love

കേരളത്തിന്റെ ഭാവിതലമുറയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത് പുതിയ കണ്ടുപിടിത്തങ്ങളും നൂതന ആശയങ്ങളുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കരുനാഗപ്പള്ളി സര്‍ക്കാര്‍ യു. പി. സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. പഠനവും ഗവേഷണവും ഒന്നിച്ചു കൊണ്ടുപോകുന്നതിനൊപ്പം അവയെ ഉത്പാദനവുമായി ബന്ധിപ്പിക്കുകയും വേണം. വേറിട്ട ചിന്തകള്‍ പ്രാവര്‍ത്തികമാക്കാന്‍ പോന്നവിധമുള്ള വിദ്യാഭ്യാസ സാഹചര്യമാണ് കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനം കൃത്യതയോടെ നടപ്പിലാക്കുന്നു. പൊതുവികസന കാര്യത്തിലും ഇതേ മാതൃകയാണ് പിന്തുടരുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നിലാണ്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഒരു പങ്കുകൂടി സംസ്ഥാന സര്‍ക്കാര്‍ വഹിച്ചത് കൊണ്ടാണ് ദേശീയപാത വികസനം വേഗത്തില്‍ നടത്താനാകുന്നത്. നാടിന്റെ വികസനത്തിനായി നിലകൊള്ളുമ്പോള്‍ കൂട്ടായ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.സി. ആര്‍. മഹേഷ് എം. എല്‍. എ അധ്യക്ഷനായി. എ. എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍, പ്രഥമാധ്യാപിക എസ്.ഐ.ജമീല, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author