ജീവിത ശൈലി രോഗങ്ങളെ കണ്ടത്തുന്ന ”ശൈലി” സർവ്വേയിൽ കാസർകോട് ജില്ലയ്ക്ക് നേട്ടം

Spread the love

സംസ്ഥാനത്ത് മൂന്നാം സ്ഥാനം
ജീവിതശൈലീ രോഗങ്ങൾ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായ ശൈലി ആപ്പ് വഴിയുള്ള സർവേയിൽ കാസർകോട് ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത്. 209696 പേരിൽ സർവേ പൂർത്തിയാക്കിയാണ് ജില്ലാ ഈ നേട്ടം കൈവരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് സർവേയിൽ ജില്ലയ്ക്ക് മുമ്പിലുള്ളത്. ജനസംഖ്യ കുറഞ്ഞ ജില്ലകളിൽ ഒന്നാമതാണ് കാസർകോട്.
സർവേയ്ക്ക് നേതൃത്വം നല്കുന്ന ആശാ പ്രവർത്തകരാണ് ജില്ലയെ ഈ നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. 28 തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലെ പരിശീലനം ലഭിച്ച അറുനൂറോളം ആശാവർക്കർമാർ ജൂൺ പകുതിയോടെയാണ് സർവ്വേ ആരംഭിച്ചത്. വീടുവീടാന്തരം കയറി മൊബൈൽ ആപ്പിന്റെ സഹായത്തോടെ 30 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകളെയും നേരിൽ കണ്ട് അവരുടെ ആരോഗ്യസ്ഥിതിയും രോഗ വിവരങ്ങളും അനാരോഗ്യകരമായ ശീലങ്ങളും പാരമ്പര്യ രോഗ പകർച്ച സാധ്യതയും ചോദിച്ചു മനസ്സിലാക്കി ശൈലി ആപ്പിൽ രേഖപ്പെടുത്തുന്നു.ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർവ്വേയിൽ പങ്കെടുക്കുന്ന വ്യക്തിക്ക് നിലവിൽ രോഗം വരാനുള്ള സാധ്യത ഉണ്ടെങ്കിൽ അപ്പോൾ തന്നെ അവരുടെ മൊബൈലിലേക്ക് സന്ദേശം പോവുകയും തുടർപരിശോധനയ്ക്ക് ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്യുന്നു. ജീവിത ശൈലി രോഗങ്ങളായ രക്താതിമർദ്ദം, പ്രമേഹം, സ്തനാർബുദം, ഗർഭാശയ കാൻസർ, വായിലെ കാൻസർ, വായുവിലൂടെ പകരുന്ന ക്ഷയം എന്നീ രോഗങ്ങൾക്കാണ് പ്രമുഖ പരിഗണന കൊടുക്കുന്നത്. നിലവിൽ പൂർത്തിയായ സർവ്വേയുടെ അടിസ്ഥാനത്തിൽ സ്തനാർബുദ സാധ്യത 13168 പേരിലും, ഗർഭാശയമുഖ ക്യാൻസർ സാധ്യത 2217 പേരിലും കണ്ടെത്തി. വായിലെ ക്യാൻസർ സാധ്യത 728 , ക്ഷയരോഗ സാധ്യത 1809 , രക്താതി മർദ്ദ സാധ്യത 21467, പ്രമേഹ സാധ്യത 13620 പേരിലും കണ്ടെത്തി.
82 ശതമാനം സർവേ പൂർത്തിയാക്കിയ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്താണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. പുല്ലൂർ പെരിയ 75 ശതമാനം, പനത്തടി 65 ശതമാനം, കള്ളാർ 62 ശതമാനം, ചെങ്കള 56 ശതമാനം എന്നീ പഞ്ചായത്തുകൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് പഞ്ചായത്തുകളിൽ ആരംഭിച്ച സർവേ നിലവിൽ 28 ഓളം തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും സർവേ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ ആശാ വർക്കർമാർക്ക് പരിശീലനവും തുടരുകയാണ്. സെപ്റ്റംബർ 19 ന് മുള്ളേരിയ, ബെള്ളൂർ , 23 ന് മധൂർ, പുത്തിഗെ, 24 ന് ബായാർ, മീഞ്ച എന്നിവിടങ്ങളിലും പരിശീലനം നടക്കും. ഒക്ടോബർ ആറിനു കാസർകോട് നഗരസഭയിലും, പത്തിന് മഞ്ചേശ്വരം, വോർക്കാടി എന്നിവിടങ്ങളിലും ആശാ വർക്കർമാർക്കുള്ള പരിശീലനം നടക്കുമെന്ന് ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ.വി.സുരേഷ് അറിയിച്ചു.

Author