അലബാമ ∙ ഈസ്റ്റ് അലബാമയിൽ ബ്ളോന്റ് കൗണ്ടിയിൽ രണ്ടു വയസ്സുകാരനെ കാറിനുള്ളിൽ ചൂടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.സെപ്റ്റംബർ 20 ചൊവ്വാഴ്ച വൈകിട്ടാണു ചൂടേറ്റു മരിച്ച കുട്ടിയുടെ മൃതദേഹം കാറിൽ കണ്ടെത്തിയതെന്നു ബ്ളോന്റ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.
അമേരിക്കയിൽ ഈ വർഷം കാറിലിരുന്നു ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം 27 ആയി. അലബാമയിലെ ആദ്യ മരണമാണ് ഈ രണ്ടുവയസ്സുകാരന്റേത്. 75 സ്റ്റേറ്റ് ഹൈവേയിൽ കുട്ടികളുടെ ഡെ കെയർ ക്യാംപസിനു സമീപം പാർക്ക്ചെയ്തിരുന്ന കാറിലായിരുന്നു മൃതദേഹം. കുട്ടി ഈ ഡെ കെയറിന്റെ സംരക്ഷണത്തിലല്ലായിരുന്നു എന്നു പൊലീസ് പൊലീസ് പറയുന്നു.
എത്ര സമയം കുട്ടി കാറിലുണ്ടായിരുന്നുവെന്നു പറയാൻ കഴിയില്ലെങ്കിലും ഒരു ദിവസം മുഴുവൻ കാറിലിരുന്നുവെന്നാണു പൊലീസിന്റെ പ്രഥമ നിഗമനം. കുട്ടികളെ കാറിൽ കൊണ്ടുപോകുമ്പോൾ പുറത്തിറങ്ങുന്ന സമയം ബാക് സീറ്റ് പരിശോധിക്കണമെന്നും കുട്ടികളോ , മൃഗങ്ങളോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും ഷെറിഫ് ഓഫിസ് മുന്നറിയിപ്പ് നൽകി.
2021 ൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 23 ആയിരുന്നുവെന്നും എന്നാൽ 2022 ൽ ഇതുവരെ 27 കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.