പ്രളയത്തെ അതിജീവിക്കാന്‍ മാതൃകയായി പറമ്പുകര ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍

Spread the love

മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റര്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഈ കെട്ടിടം. 2018ലെ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച ആശുപത്രിയാണ് 50 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമായതിനാല്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്ന മുന്‍കരുതലോടെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പറമ്പുകര ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

എല്ലാ വര്‍ഷവും മഴക്കാലത്ത് ആശുപത്രിയില്‍ വെള്ളം കയറുന്നത് കാരണം ഈ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2018ലെ പ്രളയത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 2 മീറ്റര്‍ ഉയരത്തില്‍ വെള്ളപ്പൊക്കത്തില്‍ കെട്ടിടം മുങ്ങി. കെട്ടിടത്തിന്റെ സൂപ്പര്‍ സ്ട്രക്ച്ചറില്‍ വിള്ളലുകള്‍ വീണതോടെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയായി.

സമാനമായ രീതിയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ അതിജീവിക്കുന്ന തരത്തിലാണ് 2637 സ്‌ക്വയര്‍ഫിറ്റ് വിസ്തൃതിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. താഴത്തെ നില തൂണുകളാല്‍ ഉയര്‍ത്തി ഭിന്നശേഷിയുള്ളവര്‍ക്ക് കൂടി സഹായകരമായി റാമ്പ് സഹിതം ആണ് ഒന്നാമത്തെ നിലയില്‍ ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍

പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തില്‍ രജിസ്‌ട്രേഷന്‍ ഏരിയ, കാത്തിരിപ്പ് കേന്ദ്രം, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം, ഓഫീസ്, ക്ലിനിക്ക്, കുടുംബാസൂത്രണ മുറി, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിങ് സ്‌റ്റേഷന്‍, മുലയൂട്ടല്‍ മുറി, ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി പ്രത്യേകം ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം ജില്ലയില്‍ പൂര്‍ത്തിയായ 5 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

Author