അക്രമ ഹര്‍ത്താലിനെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് അദ്ഭുതകരം : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തൃശൂര്‍ (ആമ്പല്ലൂര്‍) നടത്തിയ വാര്‍ത്താ സമ്മേളനം (24/09/2022)

തൃശൂര്‍ : ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടന്നിട്ടും പൊലീസിന്റേത് വിസ്മയകരമായ നിസംഗതയായിരുന്നു. ഡി.ജി.പിയുടെ പ്രസ്താവന അല്ലാതെ

അക്രമികളില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനുള്ള ഒരു സംവിധാനവും പൊലീസ് ഏര്‍പ്പെടുത്തിയില്ല. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത പൊലീസിനെയും കൊണ്ട് പിണറായി വിജയന്‍ എന്തിനാണ് ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നത്? ഇന്നലെ തൃശൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഒരു മണിക്കൂറോളം പ്രസംഗിച്ചിട്ടും അക്രമ ഹര്‍ത്താലിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത് അദ്ഭുതകരമാണ്.

മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയ്ക്കും കോണ്‍ഗ്രസിനും എതിരെയായിരുന്നു. ഭാരത് ജോഡോ യാത്ര കേരളത്തില്‍ 19 ദിവസമുണ്ടെന്നും യു.പിയിലൂടെ നാല് ദിവസം മാത്രമെ പോകുന്നുള്ളൂവെന്ന് പരാതി പറഞ്ഞ പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയന്‍ സംഘപരിവാറിനെതിരെ പ്രസംഗിക്കാന്‍ പോയ കര്‍ണാടകത്തിലെ ബാഗേപ്പള്ളി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നാലാം സ്ഥാനത്ത് പോയ സ്ഥലമാണ്. കോണ്‍ഗ്രസ് ജയിച്ച് ആ സ്ഥലത്ത് പോയാണ് പഠ്യപദ്ധതിയിലൂടെ ആര്‍.എസ്.എസ് സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പ്രസംഗിച്ചത്. എന്നാല്‍ കേരളത്തിലെ കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ പഠിപ്പിക്കുന്നത് ആര്‍.എസ്.എസ്

സൈദ്ധാന്തിക ആചാര്യന്‍മാരായ ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മഡോക് എന്നിവരുടെ അഞ്ച് പുസ്തകങ്ങളാണ്. ആര്‍.എസ്.എസ് ആചാര്യന്‍മാരുടെ പുസ്തകങ്ങള്‍ പഠിപ്പാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് അനുവാദം കൊടുത്ത മുഖ്യമന്ത്രിയാണ് കര്‍ണാടകത്തില്‍ പോയി പഠ്യപദ്ധതിയിലൂടെ ആര്‍.എസ്.എസ് സൈദ്ധാന്തികവത്ക്കരണം നടത്തിയെന്ന ഇരട്ടത്താപ്പ് പ്രസംഗിച്ചത്. ആര്‍.എസ്.എസ് പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബദ്ധത്തില്‍ സവര്‍ക്കറുടെ പടം വച്ചതിനെയും വിമര്‍ശിക്കുന്നത്. എന്ത് ആത്മാര്‍ത്ഥതയാണ് മുഖ്യമന്ത്രിക്കുള്ളത്? മുഖ്യമന്ത്രിയുടെ വര്‍ഗീയവിരുദ്ധ നിലപാട് കാപട്യം നിറഞ്ഞതാണ്. കമ്മ്യൂണിസ്റ്റ് മുഖപടങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന് ആര്‍.എസ്.എസ് ആര്‍ത്ത് ചിരിക്കുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ സംഘപരിവാറുമായും ബി.ജെ.പിയുമായും സി.പി.എമ്മും മുഖ്യമന്ത്രിയും ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ്.

കണ്ണൂർ സർവകലാശാല: സെമസ്റ്റർ പഠനം പാതി പിന്നിട്ടു; പാഠപുസ്തകമില്ല

ആര്‍.എസ്.എസ് ഏജന്റിനെ പോലെ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുമായി സന്ധി ചെയ്താണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരെ പഠിക്കാന്‍ അനുവാദം നല്‍കിയ വി.സിക്ക് പുനര്‍നിയമനം നല്‍കിയത്. എന്നിട്ടാണ് മൈക്കിന് മുന്നില്‍ കയറി നിന്ന് വര്‍ഗീയവിരുദ്ധ പ്രസംഗം നടത്തുന്നത്. എല്ലാ വര്‍ഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സി.പി.എം കുടപിടിച്ച് കൊടുക്കുകയാണ്. ന്യൂനപക്ഷ വര്‍ഗീയതയെ തടുത്ത് നിര്‍ത്തുന്ന പ്രധാനപ്പെട്ട ശക്തിയാണ് മുസ്ലീംലീഗ്. എന്നാല്‍ വര്‍ഗീയ ശക്തികളെക്കാള്‍ ശക്തിയോടെയാണ് സി.പി.എം ലീഗിനെ എതിര്‍ക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ശക്തികളുമായ താല്‍ക്കാലിക ലാഭത്തിന് വേണ്ടി സമരസപ്പെടരുത്. അങ്ങനെ ചെയ്തത് കൊണ്ടാണ് പിണറായി വിജയനെയും സി.പി.എമ്മിനെയും യു.ഡി.എഫ് വിമര്‍ശിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലത്ത നിലപടാണ് കേരളത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ളത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു വര്‍ഗീയവാദിയുടെയും വോട്ട് വേണ്ടന്ന നിലപാട് സ്വീകരിച്ച ആദ്യ രാഷ്ട്രീയ രാഷ്ട്രീയ മുന്നണിയാണ് യു.ഡി.എഫ്. ഈ നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കും. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കുന്ന ശക്തികള്‍ക്കെതിരെ ഭാരതത്തെ ഒന്നിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്നത്. വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസ് ഒരിക്കലും സന്ധി ചെയ്യില്ല.

ഭാരത് ജോഡോ യാത്രയില്‍ സംഘപരിവാറിനെതിരെ സംസാരിക്കുന്നതില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എന്തിനാണിത്ര ആധി? രാഹുല്‍ ഗാന്ധി എന്തിനാണ് യാത്ര നടത്തുന്നതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. എന്നാല്‍ സിതാറാം യെച്ചൂരി അങ്ങനെയല്ലല്ലോ പറഞ്ഞത്. കോണ്‍ഗ്രസിന്റെ ജാഥയുടെ റൂട്ട് തീരുമാനിക്കുന്നത് സി.പി.എമ്മല്ല. ഏത് വഴി പോകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും.

1963 ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍.എസ്.എസിനെ ജവഹര്‍ലാല്‍ നെഹ്റു ക്ഷണിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞത് പച്ചക്കള്ളമാണ്. അന്ന് പുറത്തിറങ്ങിയ ആര്‍.എസ്.എസിന്റെ ഓര്‍ഗനൈസര്‍ ഉള്‍പ്പെടെയുള്ള ഒരു പത്രത്തിലും ഇത് സംബന്ധിച്ച വാര്‍ത്തയില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാടുഡേ വിവരാവകാശ നിയമപ്രകാരം ചോദിച്ച നാല് ചോദ്യങ്ങള്‍ക്ക് ഒരു രേഖകളും ലഭ്യമല്ലെന്ന മറുപടിയാണ് മോദി സര്‍ക്കാരിലെ പ്രതിരോധ വകുപ്പു നല്‍കിയത്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ചിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജപ്തി നടപടികള്‍ ശ്രദ്ധയോട് കൂടി നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നിട്ടും ജപ്തിയുടെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എന്നിട്ടും മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബാങ്ക് നടപടിയെ ന്യായീകരിക്കുകയാണ്. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടാനും അവരെ ബുദ്ധിമൂട്ടിക്കാനും കിടപ്പാടം ജപ്തി ചെയ്യാനും വേണ്ടിയാണോ കേരള ബാങ്ക് രൂപീകരിച്ചത്? സാധാരണക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനമാണിത്. ജപ്ത നടപടികളില്‍ ഇനിയെങ്കിലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇനി ഒരു കുടുംബത്തിലും ഇത്തരത്തിലുള്ള ആത്മഹത്യകള്‍ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.

മസാല ബോണ്ട് വിറ്റതിനെ യു.ഡി.എഫ് എതിര്‍ത്തിട്ടുണ്ട്. 9.72 ശതമാനം പലിശയ്ക്ക് വാങ്ങിയ പണം ആറ് ശതമാനത്തിന് ന്യൂജനറേഷന്‍ ബാങ്കില്‍ ഇട്ടിരിക്കുകയാണ്. അതിനെയാണ് എതിര്‍ത്തത്. കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയമല്ല മസാല ബോണ്ടിലുള്ളത്. സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി ഉയര്‍ന്ന നിരക്കില്‍ പണം എടുത്തതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം നിലനില്‍ക്കുമെന്ന് തോന്നുന്നില്ല.

Author