കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദുരന്ത നിവാരണത്തില്‍ പരിശീലനം നല്കി. ദുരന്തങ്ങള്‍ എങ്ങനെ നേരിടാം, മുന്‍കൂട്ടി കണ്ട് ദുരന്തത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം, സി.പി.ആര് എങ്ങനെ ചെയ്യണം, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ എന്ത് ചെയ്യണം, ഗ്യാസ് സിലണ്ടറിന് തീപിടിച്ചാല്‍ എങ്ങനെ തീ അണയ്ക്കാം തുടങ്ങിയ വിഷയങ്ങളില്‍ ഒരു ദിവസത്തെ പരിശീലനമാണ് കുമ്പള സി.എച്ച്.സിയില്‍ നടത്തിയത്.കുമ്പള, മധൂര്‍, പുത്തിഗെ, ബദിയഡുക്ക, കുമ്പഡാജെ, എന്മകജെ, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു. റവന്യൂ, ഫയര്‍ ആന്റ് റെസ്ക്യൂ, ആരോഗ്യം എന്നീ വകുപ്പുകളിലെ വിദഗ്ദ്ധര്‍ പരിശീലനത്തിന് നേതൃത്വം നല്കി. ഡോ.സത്യശങ്കര്‍ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ഉമ്മര്‍ ഷാഫി, ഡോ.സുബ്ബഗട്ടി എന്നിവര്‍ ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി.അഷ്റഫ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷാമോള്‍ നന്ദിയും പറഞ്ഞു.