കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് മുതൽക്കൂട്ടായി ​ഗ്രാഫീൻ പാർക്ക് വരുന്നു

Spread the love

ബോധവത്ക്കരണ ശില്പശാലയും നിക്ഷേപകസംഗമവും നടത്തി
സംസ്ഥാനത്തിന്റെ വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനു മുതൽക്കൂട്ടായി ഗ്രാഫീൻ പാർക്ക് വരുന്നു. ഭാവിയിൽ ഗ്രാഫീൻ രംഗത്തെ മുന്നേറ്റത്തിനു ശക്തമായ ഗ്രാഫീൻ ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഉൽപ്പാദനം മുതൽ മാർക്കറ്റ് ഇടപെടലുകൾ വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. ഗ്രാഫീന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. പ്രകൃതിദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീൻ. അതിനാൽ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെൻസിലിൽ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീൻ വേർതിരിച്ചെടുക്കാനും എളുപ്പമാണ്. കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ അത്ഭുത ഉല്പന്നമായ ഗ്രാഫീനിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവത്ക്കരണ ശില്പശാലയും നിക്ഷേപകസംഗമവും കൊച്ചി ക്രൗൺ പ്ലാസയിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ നടത്തി.
വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവൽക്കരണത്തിനും ഗ്രാഫീനും അനുബന്ധ സാമഗ്രികളും കേരളത്തിനു മുന്നിൽ അനന്തസാധ്യതകൾ തുറന്നിടുന്നു. ഗ്രാഫീൻ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്തുക്കളിൽ ഒന്നാണ്. മാത്രമല്ല നിരവധി ഉൽപ്പന്നങ്ങളിലേക്കു ചേർക്കാനും കഴിയും. സംസ്ഥാനത്തിന്റെ കാർബൺരഹിത ലക്ഷ്യങ്ങൾ സുസ്ഥിരമായി കൈവരിക്കുന്നതിൽ ഗ്രാഫീനിന് നിർണായകമായ പങ്കുണ്ടാകും.
സംരംഭകത്വത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനം വിഭാവനം ചെയ്ത ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ആറുമാസത്തിനകം 60,000 രജിസ്‌ട്രേഷൻ നടന്നുകഴിഞ്ഞു. ശരാശരി ഒരു മാസം 10,000 സംരംഭങ്ങൾക്കാണു തുടക്കമിടുന്നത്.
ഗ്രാഫീൻ അധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കരട് നയം ചർച്ച ചെയ്യുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ സംരംഭങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള വേദിയാണ് കെഎസ്‌ഐഡിസിയും കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ബോധവത്കരണ ശില്പശാലയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഗ്രാഫീൻ മേഖലയിലെ സുപ്രധാന വികസന പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്ന ചർച്ചകളാണ് നടന്നത്.കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അധ്യക്ഷതവഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ.മധുസൂദനൻ, കെഎസ്‌ഐഡിസി എംഡി: എസ്. ഹരികിഷോർ, കേരള ഡിജിറ്റൽ സർവകലാശാല പ്രൊഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്‌സ് ജയിംസ് എന്നിവർ സംസാരിച്ചു.
ഓക്‌സ്‌ഫോർഡ് സർവകലാശാല പ്രൊഫസർ ഡോ. ഹരീഷ് ഭാസ്‌കരൻ, മാഞ്ചസ്റ്റർ സർവകലാശാല പ്രൊഫസർ ഡോ. രാഹുൽ രവീന്ദ്രൻ നായർ, കാർബറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡിൽ നിന്നുള്ള പി.എസ്. ജയൻ, യുഎസ്എ ജനറൽ ഗ്രാഫീൻ ഗ്രെഗ് എറിക്‌സൺ, മാഞ്ചസ്റ്റർ ഗ്രാഫീൻ എൻജിനീയറിംഗ് ഇന്നൊവേഷൻ സെന്ററിലെ ജയിംസ് ബേക്കർ, ബാംഗ്ലൂർ ലോഗ് മെറ്റീരിയൽസിലെ അൻശുൽ ശർമ, കേരള ഐടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, സിഐഐ കേരള ചെയർമാൻ ജീമോൻ കോര, ഫിക്കി കേരള ചെയർമാൻ ദീപക് എൽ.അശ്വിനി തുടങ്ങിയവരും വിവിധ സെഷനുകളിൽ സംസാരിച്ചു.

Author