ന്യൂ ഇന്ത്യ ലിറ്ററസി: സംഘാടക സമിതി രൂപീകരിച്ചു

Spread the love

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ – തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കുമളി, അടിമാലി ഗ്രാമപഞ്ചായത്തുകളില്‍ സംഘാടക സമിതി രൂപീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് കഴിയാതെ വന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 15 വയസിനു മുകളിലുള്ള 85,000 നിരക്ഷരരെ ആദ്യ വര്‍ഷം സാക്ഷരരാക്കും.ഇടുക്കി ജില്ലയില്‍ എട്ട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എലപ്പാറ, കുമളി, അടിമാലി, ദേവികുളം, മൂന്നാര്‍, കാന്തല്ലൂര്‍, മറയൂര്‍, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. സാക്ഷരതാ മിഷന്‍ പരിഷ്‌കരിച്ച് തയ്യാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും ക്ലാസുകള്‍. 120 മണിക്കൂറായിരിക്കും ക്ലാസ്സുകളുടെ ദൈര്‍ഘ്യം. അടിസ്ഥാന സാക്ഷരതയും ഗണിതം, ജീവിത നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, തുടര്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ക്ലാസുകള്‍g.ജില്ലയിലെ 5000 പേരെയാണ് പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കുന്നത്. 3750 സ്ത്രീകളെയും 1250 പുരുഷന്മാരേയും പദ്ധതിയിലൂടെ സാക്ഷരരാക്കും. എസ്.സി വിഭാഗത്തില്‍ നിന്ന് 900 പേരും എസ്. ടി വിഭാഗത്തില്‍ നിന്ന് 800 പേരും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായി 1000 പേരും ജനറല്‍ -മറ്റുള്ള വിഭാഗങ്ങളില്‍ നിന്നുമായി 2300 പേരെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.ഒക്ടോബര്‍ 2ന് നിരക്ഷരരെ കണ്ടെത്താന്‍ കുമളി പഞ്ചായത്തില്‍ സര്‍വേ നടത്തും. വാര്‍ഡ് സമിതികള്‍ രൂപീകരിച്ച് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി നിരക്ഷരരെ കണ്ടെത്താനാണ് തീരുമാനം. കുമളി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു.

Author