ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്തു

Spread the love

റോഡ് സുരക്ഷ എന്ന പുസ്തകം പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി
വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളർത്താൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ ‘റോഡ് സുരക്ഷ’ എന്ന പുസ്തകം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കുന്ന പുസ്തകം ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പഠനത്തിനായാണ് തയ്യാറാക്കിയിട്ടുള്ളത്.
പാഠ്യപദ്ധതിയുടെ പരിഷ്‌കരണം നടക്കുന്ന ഘട്ടത്തിൽ ഹയർസെക്കൻഡറി തലത്തിൽ റോഡ് സുരക്ഷയും നിയമവശങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ കരിക്കുലം കമ്മിറ്റി പരിശോധിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും. റോഡ്് മര്യാദകൾ, അപകടങ്ങൾ, ദുരന്ത സാധ്യതകൾ, വാഹനങ്ങൾ, റോഡുകൾ, റോഡ് ഉപയോക്താക്കളുടെ സ്വഭാവ സവിശേഷതകൾ, റോഡ് മാർക്കിംഗുകൾ, റോഡ് സൈനുകൾ, സുരക്ഷാ സംവിധാനങ്ങളും ശരിയായ ഉപയോഗവും, അപകടകരവും അശ്രദ്ധവുമായ ഡ്രൈവിംഗ് രീതികൾ, കുട്ടികൾ വാഹനം ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വിവിധ ദുരന്ത സാധ്യതകളും നിയമപ്രശ്നങ്ങളും, മോട്ടോർ വാഹന രംഗത്തും ഗതാഗത രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര മാറ്റങ്ങളും സമഗ്രമായി പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ ഹയർസെക്കൻഡറി പാസാകുന്ന വിദ്യാർത്ഥികൾക്ക് ലേണേഴ്സ് ലൈസൻസ് എടുക്കാതെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുവാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ ഗതാഗത വകുപ്പ് കൈക്കൊള്ളും. അധ്യാപകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകാനും വകുപ്പ തയ്യാറാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Author