കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പുതിയ കരട് വ്യവസായ വാണിജ്യനയം

Spread the love

നിലവിലുള്ള 2018 ലെ വ്യവസായ നയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് പുറത്തിറക്കി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇന്ന് വ്യവസായങ്ങൾക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്‌. സംസ്ഥാനത്ത് ഏറെ സാധ്യതയുള്ള സൺറൈസ് വിഭാഗത്തിൽപ്പെടുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അതുവഴി കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണ് പുതിയ കരട് രേഖയിലുള്ളത്.
കേരളം എല്ലാ മേഖലയിലുള്ള ഉത്പന്നങ്ങളുടെയും നല്ലൊരു വിപണിയാണ്. വിശദമായ കണക്കുകൾ പരിശോധിച്ചാൽ 109,000 കോടി രൂപയുടെ ഉത്പന്നങ്ങൾ പുറത്തുനിന്ന് കേരള വിപണിയിലേക്കെത്തുന്നു. 10,000 കോടിയുടെ ഓട്ടോമൊബൈൽ, 3000 കോടിയുടെ ടെക്സ്‌റ്റൈൽ ഉത്പന്നങ്ങൾ, 345 കോടിയുടെ കുപ്പിവെള്ളവും സംസ്ഥാനത്ത് വിറ്റുപോകുന്നു. കേരളത്തിന്റെ വിപണിയിൽ തനത് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കേരള ബ്രാൻഡ് നടപ്പാക്കാനും പുതിയ നയത്തിൽ ലക്ഷ്യമിടുന്നു. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ, ആയുർവേദം, ബയോടെക്നോളജി, ഡിസൈനിങ്, ഇലക്ട്രോണിക്സ് ഡിസൈനിങ്ങും നിർമ്മാണവും, വൈദ്യുതി വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണം, എൻജിനിയറിംഗ്, ആർ ആൻഡ് ഡി, ഫുഡ് ടെക്, ഹൈടെക് കൃഷി, മൂല്യവർദ്ധിത റബ്ബർ ഉത്പന്നങ്ങൾ, ലോജിസ്റ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, റീട്ടെയിൽ, സ്പേസ്, റോബോട്ടിക്സ്, പുനരുപയോഗിക്കാവുന്ന ഊർജ്ജമേഖല, ടൂറിസം, ഗ്രാഫീൻ, ത്രീഡി പ്രിന്റിങ്, മറൈൻ ക്ലസ്റ്റർ തുടങ്ങിയ വിഭാഗങ്ങളിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നയത്തിൽ ലക്ഷ്യമുണ്ട്.
എം എസ് എം ഇ ഇതര സംരംഭങ്ങൾക്ക് 10 കോടി രൂപയിൽ കവിയാത്ത നിക്ഷേപ സബ്സിഡി, സ്ഥിര മൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജി എസ് ടി വിഹിതം അഞ്ച് വർഷത്തേക്ക് തിരികെ നൽകുന്നതിനുള്ള പദ്ധതി, വർഷം 1000 അപ്രന്റിസുകൾക്ക് 5000 രൂപ വരെയുള്ള വേതന സംവിധാനത്തിൽ ആറ് മാസത്തേക്ക് വ്യവസായ സംരംഭങ്ങളിൽ നിയമിക്കുന്നതിനുള്ള പദ്ധതി, പരമ്പരാഗത രീതിയിലുള്ള ധനസമാഹരണത്തിന് പുറമെ എംഎസ്എംഇ സംരംഭങ്ങൾക്ക് ഓഹരി വിപണനത്തിലൂടെ ധനസമാഹരണം പ്രോത്സാഹിപ്പിക്കാനും അതിനു വേണ്ടി ചെലവാകുന്ന തുകയുടെ 50 ശതമാനം തിരികെ നൽകുന്നതിനുള്ള പദ്ധതി, എംഎസ്എംഇകൾക്ക് അഞ്ച് വർഷത്തേക്ക് 100 ശതമാനം വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള പദ്ധതി, സ്ത്രീ സംരംഭകർക്കും പട്ടിക ജാതി/ പട്ടിക വിഭാഗത്തിലുള്ള സംരംഭകർക്കും സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും നിർമ്മാണ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജ്ജ് എന്നിവ ഒഴിവാക്കുന്നതിനുള്ള പദ്ധതി തുടങ്ങി വിവിധങ്ങളായ നിർദ്ദേശങ്ങൾ കരട് നയത്തിലുണ്ട്.

Author