ശിവശങ്കറിനെ ഒരു നിമിഷം പോലും സർവ്വിസിൽ തുടരാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായക തെളിവുകൾ ഉൾപ്പെടുത്തി ആറാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ശിവശങ്കറിനെ ഒരു നിമിഷം പോലും സർവ്വിസിൽ തുടരാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഞ്ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു കുറ്റപത്രത്തിലുള്ളത്. പലതും മുഖ്യമന്ത്രിയുടെയും ഓഫീസിൻ്റെയും പങ്ക് വ്യക്തമാക്കുന്നതാണ്.
കുറ്റവിമുക്തനാവും മുന്‍പ് ശിവശങ്കരനെ ധൃതി പിടിച്ച് തിരിച്ചെടുത്തതിലൂടെ പുറത്തു വരുന്നത് മുഖ്യമന്ത്രിയുമായുള്ള ബന്ധമാണെന്നു വ്യക്തമാണെന്നു ചെന്നിത്തല പറഞ്ഞു.
രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തു കേസില്‍ മാത്രമല്ല ലൈഫ്മിഷൻ കോഴ കേസിലെ ശിവശങ്കറിന്റെ പങ്കും സംശയാതീതമായി പുറത്ത് വന്നിരിക്കുന്നു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണു ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടും അദ്ദേഹം സർവ്വീസിൽ തുടരുന്നത്. ഇതിനു സി പി എം കേന്ദ്ര നേതൃത്വം മറുപടി പറയണം.

ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ?

സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കരന്റെ സസ്‌പെന്‍ഷന്‍ നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണ്ണക്കടത്തുമായും ലൈഫ്മിഷൻ തട്ടിപ്പുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നു വന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ ഇവിടെ കാട്ടിയിരിക്കുന്നത്.

ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Author