ആരോഗ്യമേഖലയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും.
ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം
അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും വയോജനങ്ങള്‍ക്ക് മാത്രമായി വിവിധ സ്പെഷ്യാലിറ്റിയിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. വയോജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ പ്രാഥമികതലം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയും മെഡിക്കല്‍ കോളേജുകളിലും മുതിര്‍ന്ന പൗരന്മാര്ക്കുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി കൊണ്ട് താഴെതലം വരെ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കി കൊണ്ടും ആശുപത്രികളുടെ ഭൗതിക സാഹചര്യത്തില്‍ വയോജന സൗഹൃദ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടും ആരോഗ്യ രംഗത്തെ വയോജന സൗഹൃദമാക്കുവാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
ജില്ലാ ആശുപത്രികളില്‍ ജറിയാട്രിക് വാര്‍ഡുകളും ജറിയാട്രിക് ഒപിയും ഫിസിയോതെറാപ്പിയും നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി വരുന്നു. പക്ഷാഘാത ക്ലിനിക്ക്, കാത്ത്ലാബ്, കൊറോണറികെയര്‍ യൂണിറ്റ്, ശ്വാസ് ക്ലിനിക്ക്, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവ സാധ്യമാക്കിക്കൊണ്ട് വയോജനങ്ങള്‍ക്കുള്ള സേവനം ഉറപ്പാക്കി വരുന്നു. താലൂക്കാശുപത്രികളിലും വയോജന സൗഹൃദ ശൗചാലയങ്ങളും സാന്ത്വന പരിചരണവും മറ്റ് സ്പെഷ്യാലിറ്റി സേവനങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഫിസിയോ തെറാപ്പിസ്റ്റുകളെയും നഴ്സുമാരെയും വയോജന ചികിത്സ നല്‍കുന്നതിന് നിയമിച്ചിട്ടുണ്ട്. കൃത്രിമ ദന്തങ്ങള്‍, ശ്രവണ സഹായി, വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയും വയോജന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത് വരുന്നു.
അന്താരാഷ്ട്ര വയോജന ദിനം സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് (ഒക്ടോബര്‍ 1 ) രാവിലെ 11.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ‘മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്മാരുടെ അതിജീവനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജനദിന സന്ദേശം. ഈ വര്‍ഷത്തെ വയോജനാരോഗ്യ ദിനം രണ്ടാഴ്ച നീണ്ടു നില്ക്കുന്ന പരിപാടിയായാണ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.