പ്രഭാസിൻ്റെ ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിന് എത്തും; ടീസർ റിലീസ് ഒക്ടോബർ 2 ന് അയോധ്യയിൽ സരയൂ നദീതീരത്ത്

Spread the love

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന് അയോധ്യയിൽ സരയൂ നദിക്കരയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും.

പ്രഭാസ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് .
ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്.
ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. കൃതി സനോൻ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും.
ഛായാഗ്രഹണം – ഭുവൻ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുർ .

Report : Vijin Vijayappan

Author