ഡാളസ്: വയോധികരായ 22 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ,49കാരനായ ബില്ലിയുടെ വിചാരണ ഡാലസില്‍ ഇന്നാരംഭിക്കും. 22 കൊലക്കേസുകളില്‍ ഏറ്റവും ഒടുവിലായി പ്രതിയുടെ ക്രൂരതക്കിരയായി ജീവന്‍ നഷ്ടപ്പെട്ട 87 വയസുള്ള മേരി ബ്രൂക്ക്‌സിന്റെ കേസാണ് ആദ്യമായി വിചാരണക്കെടുക്കുന്നത്.
മേരിയുടെ മരണം സ്വാഭാവികമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇതൊരു കൊലപാതകം ആണെന്നു കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആണു കൊല നടത്തിയത് ബെല്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്. 2018ല്‍ ആണു പ്രതി അറസ്റ്റിലാകുന്നത്.
അറസ്റ്റിനെ തുടര്‍ന്നു ഡാലസ് പരിസരത്തു മരിച്ച വൃദ്ധ സ്ത്രീകളുടെ കേസുകള്‍ പുനഃപരിശോധനക്കു വിധേയമാക്കിയതോടെയാണ് ഇതിനെല്ലാം പുറകില്‍ ബില്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്.
ഏപ്രില്‍ മാസം 81 വയസ്സുള്ള ലുകയ് ഹാരിസിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ ഇയാളെ പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മേരി ബ്രൂക്ക്‌സിന്റെ കൊലക്കേസിലും ഇതേ ശിക്ഷ ലഭിക്കാനാണു സാധ്യത. ബില്ലിയുടെ ക്രൂരതക്കിരയായ മിക്കവരും അപ്പാര്‍ട്‌മെന്റിലോ ഇന്‍ഡിപെന്‍ഡന്റ് ലിവിങ് കമ്മ്യൂണിറ്റിലോ താമസിക്കുന്നവരായിരുന്നു.
കോളിന്‍ കൗണ്ടിയിലെ ഒന്‍പതു ക്യാപിറ്റല്‍ മര്‍ഡര്‍ കേസുകളിലും ബില്ലി വിചാരണ നേരിടേണ്ടതുണ്ട്.