സംസ്ഥാനത്ത് അന്താരാഷ്ട നിവാരത്തിലുള്ള ദുരന്ത ആഘാത ലഘൂകരണ മാർഗങ്ങൾക്കു രൂപം നല്‍കാന്‍ സര്‍ക്കാര്‍

Spread the love

വിവിധ ലോകമാതൃകകൾ പഠിച്ചും ചർച്ച ചെയ്തും അന്താഷ്ട്ര നിലവാരത്തിലുള്ള ദുരന്ത പ്രതിരോധ മാർഗങ്ങൾക്കു കേരളം രൂപം നൽകുന്നു. ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണത്തെ അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു. റവന്യു മന്ത്രി കെ രാജന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യ്തു.പ്രകൃതിയുടെ സ്വഭാവങ്ങളിൽ കഴിഞ്ഞ നാല് വർഷങ്ങളായി ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം വലിയ വെല്ലുവിളിയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയിടങ്ങളിലുണ്ടായ ദുരന്തങ്ങൾ നടുക്കുന്ന ഓർമകളാണ്. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്രമഴയും, അതിനു ശേഷമുണ്ടാകുന്ന കടുത്ത വരൾച്ചയും പരിസ്ഥിതി വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നു. ചക്രവാതച്ചുഴിയും ന്യൂനമർദവും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് മണ്ണ് ഒഴുകി മാറുന്ന സോയിൽ പൈപ്പിംഗടക്കമുള്ള പ്രതിഭാസങ്ങളും ഉരുൾപൊട്ടലിന് കാരണമാകുന്നു.
ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടാകുന്ന ഹിമാലയത്തിന്റെ ഭൂപ്രകൃതിയിൽ നിന്നും തികച്ചും വിഭിന്നമാണ് കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളിലെ ഉരുൾപൊട്ടലുകൾ. അതുകൊണ്ട് തന്നെ ഈ മേഖലയെക്കുറിച്ച് സൂക്ഷ്മ തലത്തിലുള്ള പഠനങ്ങൾ ആവശ്യമാണ്. ദുരന്തനിവാരണ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ മിഷ്യൻ ലേർണിംഗ് വരെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമോയെന്നു പരിശോധിക്കണം. ഇതിനുതകുന്ന പ്രവർത്തനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിട്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നടപ്പാക്കും. ശില്പശാലയുടെ നയപരമായ തീരുമാനങ്ങൾ ശുപാർശയായി സംസ്ഥാന സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.
രണ്ടുദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ നിന്നു ക്ഷണിക്കപ്പെട്ട അക്കാദമിക – ഗവേഷക വിദഗ്ധരായ 20 പേർ ചർച്ചകൾ നയിക്കും. ഐക്യ രാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിദഗ്ധനായ ഡോ മുരളി തുമ്മാരുകുടി, UNEP – Nairobi യിലെ പരിസ്ഥിതി നിയമ പ്രൊജക്റ്റ് ഓഫീസർ വൃന്ദ നാഥ്, നമീബിയയിൽ നിന്നുള്ള ഹിൽമ ഇസ്രയേൽ, മലാവി യിൽനിന്നുള്ള ഡിറാക് മാമീവാ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സോമാലിയ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.