അമേരിക്കന്‍ ഐഡല്‍ റണ്ണര്‍ അപ് കാറപകടത്തില്‍ കൊല്ലപ്പെട്ടു

Spread the love

ടെന്നിസ്സി : അമേരിക്കന്‍ ഐഡല്‍ സീസണ്‍ 19 ലെ റണ്ണര്‍ അപ്പ് വില്ലി സ്‌പെന്‍സ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച നാഷ് വില്ലില്‍ ഉണ്ടായ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു. 23 വയസ്സായിരുന്നു.

ചെറോക്കി ജീപ്പ് റോഡില്‍ നിന്നും തെന്നിപ്പോയി ട്രാക്ടര്‍ ടെയ്‌ലറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്റര്‍ സ്റ്റേറ്റ് 24 ല്‍ ഏകദേശം വൈകീട്ട് 4 മണിയോടെയായിരുന്നു അപകടമെന്ന് ടെന്നിസ്സി ഹൈവേ പെട്രോള്‍ മാരിയോണ്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വില്ലി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും, സംഭവ സ്ഥലത്തുവെച്ചുതന്നെ ഇദ്ദേഹം മരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. വാഹനാപകടത്തില്‍ സാധാരണ സംഭവിക്കാറുള്ള മള്‍ട്ടി സിസ്റ്റം ട്രോമയാണ് മരണത്തിന് കാരണമെന്ന് മെഡിക്കല്‍ എക്‌സാമിനറും പറഞ്ഞു. ടെന്നിസ്സി ഹൈവേ പെട്രോള്‍ സംഭവത്തെ കുറിച്ചു വിശദ അന്വേഷണം നടത്തിവരുന്നു.

അമേരിക്കന്‍ ഐഡല്‍ കുടുംബത്തിലെ അംഗമായിരുന്ന വില്ലി സ്‌പെന്‍സറുടെ അകാല വിയോഗത്തില്‍ ടീമംഗങ്ങള്‍ അനുശോചനം അറിയിച്ചു. വളരെ ടാലന്റ് ആയിട്ടുള്ള ഭാവി വാഗ്ദാനമായിരുന്നു വില്ലിയെന്നും സന്ദേശത്തില്‍ പറയുന്നു.

ഇരുപത്തിമൂന്നു വയസ്സിനുള്ളില്‍ നിരവധി സംഗീത ആല്‍ബങ്ങള്‍ വില്യം പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ 2021 ഏപ്രില്‍ മാസം ദി വോയ്‌സ്(The Voice) എന്ന ആല്‍ബവും നിര്‍മ്മിച്ചിരുന്നു. നവംബര്‍ 12ന് യു.കെ.യില്‍ ആദ്യമായി ലണല്‍ ട്രിനിറ്റി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ സംഗീത സായാഹ്നം നടത്തുവാനിരിക്കെയാണ് മരണം വില്ലിയെ തട്ടിയെടുത്തത്.

Author