വാടക കൊലയാളികളെ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനു വധശിക്ഷ

Spread the love

ഹണ്ടസ് വില്ല (ടെക്‌സസ്) ന്മ വിവാഹ മോചനത്തെ തുടര്‍ന്നു കുട്ടിയുടെ കസ്റ്റഡി തര്‍ക്കം രൂക്ഷമായപ്പോള്‍ ഭാര്യയെ വധിക്കുന്നതിന് രണ്ടുപേരെ വാടകയ്‌ക്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് അലന്‍ ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കുന്നതിനു ദിവസം നിശ്ചയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ജഡ്ജി ഒക്ടോബര്‍ 11 ചൊവ്വാഴ്ച ഒപ്പുവച്ചു. 1996 മുതല്‍ വധശിക്ഷയും കാത്തു ജയിലില്‍ കഴിയുന്ന റോബര്‍ട്ടിന്റെ വധശിക്ഷ 2023 ജനുവരി 10ന് നടത്താനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.

വധശിക്ഷ തീയതി നിശ്ചയിച്ചതോടെ ടെക്‌സസ് ഹണ്ടസ് വില്ലയിലുള്ള ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലേക്കു മാറ്റി. റോബര്‍ട്ട് തന്റെ ജിമ്മില്‍ നിന്നു വാടകക്കെടുത്ത രണ്ടു വാടക കൊലയാളികളാണ് 1994 നവംബര്‍ 4ന് റോബര്‍ട്ടിന്റെ ഭാര്യ ഫറാ ഫ്രെട്ടയുടെ ജീവനെടുത്തത്. സംഭവം നടക്കുമ്പോള്‍ റോബര്‍ട്ട് പളളിയിലായിരുന്നു.

വധശിക്ഷക്കു വിധിച്ച ശേഷം നല്‍കിയ അപ്പീലില്‍ റോബര്‍ട്ടിനെ കുറ്റവിമുക്തനാക്കിയെങ്കിലും 2009 ല്‍ കേസ് വീണ്ടും വിചാരണ ചെയ്തു റോബര്‍ട്ടിനു വീണ്ടും വധശിക്ഷ വിധിക്കുകയായിരുന്നു. മാതാവിനെ വധിച്ച സമയം ദമ്പതികളുടെ ഏക മകള്‍ക്കു നാലു വയസ്സായിരുന്നു പ്രായം. ഇവരും വിചാരണ സമയത്തു കോടതിയില്‍ ഹാജരായിരുന്നു. ഫറായുടെ മാതാപിതാക്കള്‍ റോബര്‍ട്ടിനെ ഒരു നായയോടും പിശാചിനോടുമാണ് ഉപമിച്ചത്. വാടകയ്‌ക്കെടുത്ത രണ്ടു കൊലയാളികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇവരുടെ വധശിക്ഷ റോബര്‍ട്ടിന്റെ വധശിക്ഷയ്ക്കു ശേഷമേ നടപ്പാക്കൂ എന്നും കോടതി പറഞ്ഞു.