ആദിവാസി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കൽ; രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

Spread the love

ആദിവാസി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടി ആദിവാസി മേഖലയിൽ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ക്യാൻസർ സെന്റർ ദ്വിദിന സന്ദർശനം നടത്തി. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ആദിവാസി മേഖലയെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നു, ക്യാൻസർ പോലൂള്ള മാരകരോഗങ്ങൾ തടയാൻ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം, കുട്ടികളിലെ പോഷക കുറവ് എങ്ങനെ പരിഹരിക്കണം എന്നിവ സംബന്ധിച്ച ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
അട്ടപ്പാടിയിലെ ആരോഗ്യമേഖലയിൽ മുൻകൂട്ടിയുള്ള രോഗനിർണയ സംവിധാനങ്ങൾ ആവശ്യമാണ്. ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ചുള്ള അവബോധം ഇവരിലില്ല എന്നാണ് ആദിവാസി മേഖലകളിൽ നടത്തിയ വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ചോ അടിസ്ഥാന ആരോഗ്യ പരിപാലനം സംബന്ധിച്ചോ ഇവർ അജ്ഞരാണ്. പുതുതലമുറയിൽ നിന്നും ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കി നിർത്തണം. അതിന് വിദ്യാലയങ്ങളുടെ കൂടി സഹായത്തോടെ കൃത്യമായ ബോധവത്കരണം നടത്തണം. ആദിവാസി മേഖലയിൽ നിരവധി പദ്ധതികൾ ഉണ്ട്. അവ കൃത്യമായി അവരിലേയ്‌ക്കെത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യണ്.
ആദിവാസി മേഖലയിൽ ഇടപെട്ട് അവരിലൊരാളായി പ്രവർത്തിച്ചാൽ മാത്രമേ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയൂ. അവർക്കിടയിലുള്ളവർക്ക് തന്നെ കൃത്യമായ പരിശീലനം നൽകുന്നതിലൂടെ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പനങ്ങളുടെ ഉപയോഗം ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയും.
ട്രൈബൽ മേഖലയിൽ നിന്നുകൊണ്ട് ചികിത്സ തേടുന്നതിന് ആദിവാസികൾ വിമുഖത കാണിക്കുന്നു. ദൂരം കൂടുതൽ കാരണമാണ് ചികിത്സയ്ക്കായി എത്താൻ അവർ മടിക്കുന്നത്. അവർക്ക് ആവശ്യമുള്ള ചികിത്സ ഉൾപ്പെടെയുള്ള സഹായങ്ങൾ വിവിധ വകുപ്പുകൾ അങ്ങോട്ട് കടന്നു ചെന്നാണ് നിർവഹിച്ചുവരുന്നത്. ഈ വിഷയം കൂടുതൽ പഠിക്കുന്നതിനാണ് മലബാർ ക്യാൻസർ സെന്ററിന്റെ മൂന്ന് അംഗ സംഘം കമ്മീഷനും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും അട്ടപ്പാടിയിൽ സന്ദർശനം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്‌കൂളുകളും കമ്മ്യൂണിറ്റ് ഹാംലെറ്റുകളും സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി പ്രശ്‌നങ്ങൾ പഠിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും.
ഒക്‌ടോബർ 12ന് ബാലാവകാശ കമ്മീഷൻ അംഗം സി. വിജയകുമാറിന്റെ അധ്യക്ഷതയിൽ അട്ടപ്പാടിയിൽ നടന്ന യോഗത്തിലും 13ന് നടന്ന പഠന സന്ദർശനങ്ങളിലും മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ: സതീശൻ, ഡോ: നീതു, ഡോ: ഫൈസി എം. ഫിലിപ്പ്, അട്ടപ്പാടി സ്‌പെഷ്യൽ തഹസിൽദാർ ഷാനാവാസ് ഖാൻ, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ സുരേഷ് കുമാർ, വിദ്യാഭ്യാസം, എക്‌സൈസ്, പോലീസ്, ഫോറസ്റ്റ്, ട്രൈബൽ ഡവല്പമെന്റ്, ജില്ലാ ശിശു സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ കർത്തവ്യവാഹകരും പങ്കെടുത്തു.
പഠന സംഘം അട്ടപ്പാടിയിലെ വിവിധ ട്രൈബൽ മേഖലകളും സ്‌കൂളുകളും സന്ദർശിച്ചു. അട്ടപ്പാടിയിലെ 193 കോളനികളിലെ നിവാസികൾക്ക് ആരോഗ്യ ബോധവത്കരണം സാധ്യമാക്കുന്നതിന് അംഗൻവാടി വർക്കേഴ്‌സിനെയും എസ്.ടി പ്രൊമോട്ടർമാരെയും പദ്ധതിയുടെ ഭാഗമാക്കും. കുടുംബശ്രീ അനിമേറ്റേഴ്‌സിന് പരിശീലനം നൽകികൊണ്ട് മുഴുവൻ ആളുകളുടെയും പ്രമേഹം പ്രഷർ അടക്കമുള്ള ആരോഗ്യ-രോഗവിവര ശേഖരണം നടത്തുകയാണ്.
കുട്ടികളുടെ പോഷകാഹാരം അവരുടെ ജീവിത നിലവാരം തുടങ്ങി എല്ലാ പ്രശ്‌നങ്ങളിലും ഒരു കൂട്ടായ ഇടപെടലാണ് കമ്മീഷൻ നടത്തുന്നത്. വിദ്യാഭ്യാസം, പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഐ.റ്റി.ഡി.പി, വനിത ശിശുവികസനം, ജില്ലാ ശിശു സംരക്ഷണം, കുടുബശ്രീ തുടങ്ങി എല്ലാവിഭാഗങ്ങളും ഈ പ്രവർത്തനങ്ങളുടെ ഭാഗമാകും. ശിശു മരണം തടയുക, അരിവാൾ രോഗത്തെ ചെറുക്കുക, കാൻസർ മുക്തമാക്കുക തുടങ്ങി സമ്പൂർണ ആരോഗ്യം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് അട്ടപ്പാടിയിൽ കമ്മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്.

Author