കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ക്രോസ് റോഡ്സ് 2022 ഇന്റര്‍ സ്‌കൂള്‍ സാംസ്‌കാരിക മത്സരത്തില്‍ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി നേടി. വടുതല ചിന്മയ വിദ്യാലയമാണ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയത്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഇന്റര്‍-സ്‌കൂള്‍, ക്രോസ്-ഡിസിപ്ലിനറി സാംസ്‌കാരിക പരിപാടിയാണ് ക്രോസ് റോഡ്സ്, എറണാകുളത്തും പരിസരത്തുമുള്ള 10 സ്‌കൂളുകളില്‍ നിന്നായി 265 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന ചടങ്ങില്‍ മുഖ്യാതിഥി സിനിമാതാരം ശ്രുതി രാമചന്ദ്രന്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പൈറേറ്റ്സ് ഓഫ് കരീബിയനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒഴുക്കെനിതുരെ നീന്തുക എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ക്രോസ് റോഡ്‌സ് സംഘടിപ്പിച്ചത്. കൂടാതെ ഭാഷകള്‍, ശാസ്ത്രം, സോഷ്യല്‍ സയന്‍സസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, കായികം, ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, ഐടി & റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.
വിവിധ സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള മെഡലുകളും, സര്‍ട്ടിഫിക്കറ്റുകളും സിനിമാതാരം ശ്രുതി രാമചന്ദ്രന്‍ വിജയികള്‍ക്ക് കൈമാറി. ക്രോസ് റോഡ്‌സ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണ്‍ലൈനായി നടത്തുകയായിരുന്നു. സ്‌കൂള്‍ ചെയര്‍മാനും ബോര്‍ഡ് ഓഫ് ട്രസ്റ്റി ഉപദേഷ്ടാവ് ലക്ഷ്മി രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ സരിതാ ജയരാജ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷന്‍: ക്രോസ് റോഡ്സ് 2022 ഇന്റര്‍സ്‌കൂള്‍ കള്‍ച്ചറല്‍ ജാംബോറി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്‌കൂളിന് സിനിമാതാരം ശ്രുതി രാമചന്ദ്രന്‍ കൈമാറുന്നു.
Report : Vijin Vijayappan