ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കു സമാപനം കുറിച്ചുകൊണ്ട് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
ഒക്ടോബർ 9 നു ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടു കൂടി സ്റ്റാഫോർഡിലുള്ള മാഗിനെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ആഘോഷ പരിപാടികൾ മൂന്നു മണിക്കൂർ നീണ്ടു നിന്നു.
മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി എതിരേറ്റു. കേരളത്തിനെ മണ്ണിൽ പോലും ഓണാഘോഷം കേവലം ചടങ്ങു മാത്രമായി ചുരുങ്ങിയ ഈ കാലത്ത് പ്രവാസികൾ അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്കയിലും ഓണം ആഘോഷിക്കുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് മാവേലി തമ്പുരാൻ ഓണ സന്ദേശത്തിൽ പറഞ്ഞു.
തുടർന്ന് മാവേലിയും വിശിഷ്ഠ വ്യക്തികളും ക്ലബ് ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ബാബു ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയായ ആഘോഷ പരിപാടിയിൽ സെക്രട്ടറി സുഗു ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും ക്ലബ്ബിന്റെ ഭാവി പരിപാടികൾ വിശദീകരിക്കുകയും ചെയ്തു.
സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു പരിപാടികൾ ഉത്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിലും മലയാളത്തനിമ മറക്കാത്തവരാണ് പ്രവാസി മലയാളികൾ എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ബ്ലെസ്സൺ ഹൂസ്റ്റൺ ഓണ സന്ദേശം നൽകി. പാക്കറ്റും കിറ്റുമായി കേരളത്തിൽ ഓണാഘോഷം ഒതുങ്ങുമ്പോൾ പ്രവാസികൾ ഓണത്തെ ഉത്സവമാക്കി മാറ്റുന്നത് അഭിമാനകരമാണെന്ന് ഓണസന്ദേശത്തിൽ ബ്ലെസ്സൺ പറഞ്ഞു.
കോട്ടയം ക്ലബ് മുൻ പ്രസിഡന്റുമാരായ തോമസ് വർഗീസ്, രവി വർഗീസ്, ജോസ്
ജോൺ തെങ്ങുംപ്ലാക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ആൻഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, ലക്ഷ്മി പീറ്റർ, ജോജി ജോസഫ്, മധു ചിറക്കൽ, ജയകുമാർ നടക്കനാൽ, ടെസ്സി ജോർജ്, ജിഷ സുജിത് എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും ഓണപ്പാട്ടുകളും ആൻ ഫിലിപ്പ്, ഹർഷ ഷിബു, അസ്ത മൗര്യ എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും ഓണാഘോഷത്തെ മികവുറ്റതാക്കി.
ലക്ഷ്മി പീറ്റർ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. ആൻഡ്രൂസ് ജേക്കബ്, മധു ചിറക്കൽ, ജോജി ജോസഫ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായിരുന്നു
ഷിബു. കെ. മാണി കൃതജ്ഞത അറിയിച്ചു.
വിഭവസമൃദ്ധമായ ഓണ സദ്യയോട് കൂടി ഓണാഘോഷ പരിപാടികൾക്ക് സമാപ്തി കുറിച്ചു.