നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം ഒക്ടോബര്‍ 23ന് ക്രിസ്തീയ കുടുംബദിനമായി ആചരിക്കുന്നു

Spread the love

ന്യുയോര്‍ക്ക് : ഒക്ടോബര്‍ 23 ഞായറാഴ്ച സഭ ക്രിസ്തീയ കുടുംബദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചു നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളിലും പ്രത്യേക ആരാധനകളും പ്രസംഗങ്ങളും ക്രമീകരിക്കുന്നു.

കുടുംബം ദൈവത്തിന്റെ അനുഗ്രഹവും മഹത്തായ ദാനവുമാണെന്നും, ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയാണ് ക്രിസ്തീയ കുടുംബമെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയില്‍ മെത്രാപോലീത്താ ഓര്‍മിപ്പിച്ചു. കുടുംബം കുടുംബമായി നമുക്ക് ലഭിച്ചിരിക്കുന്ന കൃപകളെ ഓര്‍ത്ത് സ്‌തോത്രം ചെയ്യുവാനും, നമ്മെ തന്നെ ദൈവ സന്നിധിയില്‍ സമര്‍പ്പിക്കുവാനായി ഈ ദിവസം ഉപയോഗിക്കണമെന്നും മെത്രാപോലിത്താ ഓര്‍മ്മിപ്പിച്ചു.

സോഷ്യല്‍ മീഡിയായുടെ അതിപ്രസരം, വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനം, അണുകുടുംബം, ഇവയെല്ലാം വ്യക്തി ബന്ധങ്ങളേയും കുടുംബ ബന്ധങ്ങളേയും ശിഥിലമാക്കികൊണ്ടിരിക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ രക്ഷിക്കുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്.

ക്രിസ്തീയ കുടുംബദിനം കുടുംബങ്ങളുടെ പുനഃപ്രതിഷ്ഠക്കും സമര്‍പ്പണത്തിനും ഉള്ള അവസരമാകണം. അഴിമതി, ആഡംബരം, മദ്യപാനം, മുതലായ ദോഷങ്ങള്‍ വിട്ടൊഴിയുമെന്ന് ഓരോ കുടുംബവും പ്രതിജ്ഞയെടുക്കണം. ആവശ്യത്തിലിരിക്കുന്നവര്‍, ഏകാന്തത അനുഭവിക്കുന്നവര്‍, മുതലായവര്‍ക്ക് സഹായവും സ്‌നേഹവും നല്‍കുന്നതിന് ഇടവകകളുമായി പ്രത്യേകം പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കണമെന്നും മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു.

കുടുംബദിനത്തോടനുബന്ധിച്ചു കുടുംബദിന ആരാധനക്രമം ഇടവകയില്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Author