എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കെട്ടിചമച്ച വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിന് ജാമ്യം അനുവദിച്ച ഹെെക്കോടതി വിധി നീതിന്യായ വ്യവസ്ഥതയുടെ യശസ്സ് ഉയര്‍ത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
സര്‍ക്കാരും പോലീസും ഭരണമുന്നണിയും കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ച ഗൂഢനീക്കങ്ങള്‍ക്ക് കോടതിയില്‍ നിന്ന് ഏറ്റ കനത്ത പ്രഹരം കൂടിയാണ് ജിതിന് ലഭിച്ച ജാമ്യം.കഞ്ചാവ് കേസില്‍പ്പെടുത്തുമെന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കുറ്റംസമ്മതിപ്പിക്കുകയായിരുന്നെന്ന് ജിതിന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താതെ സമൂഹത്തില്‍ പരിഹാസ്യമായി നിന്നിരുന്ന പോലീസിന് സിപിഎം നല്കിയ നിര്‍ദ്ദേശം ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പ്രതിചേര്‍ക്കണമെന്നാണ്.അത് അവര്‍ കൃത്യമായി ചെയ്തു. അതിന്റെ നാടകാന്തമായിരുന്നു ജിതിന്റെ അറസ്റ്റില്‍ കലാശിച്ചത്.
പോലീസ് കണ്ടെത്തിയെന്ന് പറയുന്ന സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പൊള്ളയാണെന്ന് ഹെെക്കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചത് ജാമ്യം ലഭിക്കാന്‍ സഹായകരമായി.
അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് പോലീസ്
അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പരസ്പരവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇൗ വെെരുദ്ധ്യം കോടതിക്കും മനസിലായി. പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷം തെളിവുകളും ഉപകഥകളും പോലീസ് ബുദ്ധിയില്‍ തയ്യാറാക്കുകയായിരുന്നു. ഇൗ കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥപ്രതി ഇപ്പോഴും നിയമത്തിന്റെ കാണമറയത്ത് സിപിഎമ്മിന്റെ സംരക്ഷണയില്‍ കഴിയുകയാണ്. അവരെ കണ്ടെത്താതെ നിരപരാധികളെ പ്രതിയാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇത് കുറ്റകരമായ കൃത്യവിലോപമാണ്. സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള കൃത്യമായ നിര്‍ദ്ദേശം അനുസരിച്ചാണ് ക്രെെംബ്രാഞ്ച് ഇൗ അന്വേഷണം നടത്തിയത്. പടക്കമേറിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാര് എകെജി സെന്ററില്‍ ഇരുന്ന് കേസ് അന്വേഷണത്തെ നിയന്ത്രിക്കുകയാണ്. ഇൗ സംഭവം നടക്കുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള സിപിഎം നേതാക്കളുടെ മൊബെെല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ പ്രതികളെ കണ്ടെത്താവുന്നതേയുള്ളൂ.അതിനുള്ള നട്ടെല്ലും ചങ്കുറപ്പും പോലീസിനില്ല.കള്ളക്കേസിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ഇട്ടുതരില്ലെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കെപിസിസി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന് പറഞ്ഞു.