പരമ്പരാഗത രീതിയിൽ ആഴത്തിലുളള ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സെന്റർ ഫോർ ട്രഡീഷണൽ സാൻസ്ക്രിറ്റ് ശാസ്ത്ര സ്റ്റഡീസിന്റെ (ശാസ്ത്രസംവർദ്ധിനി) പ്രവർത്തനങ്ങൾ പി. ജി. /ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. ശാസ്ത്രസംവർദ്ധിനി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ശാസ്ത്രബോധിനി ഓൺലൈൻ കോഴ്സിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവ്വമീമാംസ ഗ്രന്ഥമായ അർത്ഥസംഗ്രഹം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുളള ശാസ്ത്രബോധിനി ഓൺലൈൻ കോഴ്സിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. കൃഷ്ണകുമാർ നിർവ്വഹിച്ചു. പ്രോ. വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. തിങ്കൾ മുതൽ വെളളി വരെ വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് കോഴ്സ് നടക്കുക. ശാസ്ത്രസംവർദ്ധിനി കേന്ദ്രം ഡയറക്ടർ പ്രൊഫ. വി. രാമകൃഷ്ണഭട്ടാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത് . ആറ് മാസം ദൈർഘ്യമുളള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ സർവ്വകലാശാലയ്ക്ക് അകത്തും പുറത്തുമുളള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം. ശാസ്ത്രബോധിനി പ്രോഗ്രാമിൽ പങ്കെടുത്ത് പരീക്ഷയിൽ വിജയിക്കുന്നവർക്ക് സർവ്വകലാശാല സർട്ടിഫിക്കറ്റ് നൽകുമെന്ന് പ്രൊ. വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി പറഞ്ഞു. രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, പ്രൊഫ. വി. രാമകൃഷ്ണഭട്ട്, സംസ്കൃത പ്രചാരണ വിഭാഗം നോഡൽ ഓഫീസർ ഡോ. കെ.വി. അജിത്കുമാർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. ടി. മിനി, ഡോ. വി.കെ. ഭവാനി, ഡോ. കെ.ഇ. ഗോപാലദേശികൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച ശാസ്ത്രസംവർദ്ധിനി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന ശാസ്ത്രബോധിനി ഓൺലൈൻ കോഴ്സിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. കൃഷ്ണകുമാർ നിർവ്വഹിക്കുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമീപം.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075