നോർത്ത് അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ടതും പ്രവാസി മലയാളികളുടെ സ്വന്തവുമായ ‘പ്രവാസി ചാനൽ’ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പത്ര സമ്മേളനത്തിൽ വച്ച് പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ രാജേഷ് വർഗീസിനെ പ്രവാസി ചാനലിന്റെ ഹ്യുസ്റ്റൺ റീജിയണൽ ഡയറക്ടറായി നിയമിച്ചതായി ഔദ്യോഗികമായി പ്രവാസി ചാനൽ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) പ്രഖ്യാപിച്ചു. തന്നോടൊപ്പം വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, എന്നിവരും പ്രവാസി ചാനലിന്റെ ഈ വിപുലീകരണത്തിൽ മുഖ്യ പങ്കു വഹിക്കുന്നെന്നും സുനിൽ പറഞ്ഞു.
ഹ്യുസ്റ്റണിലെ അപ്ന ബാസാർ ഓഡിറ്റോറിയത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ വിളിച്ച പ്രസ് മീറ്റിൽ മാധ്യമ രംഗത്തെ നിരവധി അംഗങ്ങളുടെയും ഹൂസ്റ്റണിലെ സാമൂഹ്യ സാംസകാരിക രംഗത്തെ പ്രമുഖരെയും സാക്ഷി നിർത്തിയാണ് രാജേഷ് വർഗീസിനെ ഈ ചുമതല ഏൽപ്പിക്കുന്നതായി അറിയിച്ചത്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യുസ്റ്റണിന്റെ (മാഗ്)ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചാപ്റ്റർ അംഗം, നേർക്കാഴ്ച എന്ന പത്രത്തിന്റെ മാനേജിങ് പാർട്ണർ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചു ശ്രദ്ധേയനായ രാജേഷ് വർഗീസ് എല്ലാം കൊണ്ടും ഈ പദവിക്ക് യോഗ്യനും, പ്രവാസി ചാനലിന് ഒരു മുതൽ കൂട്ടുമാണെന്നു ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ച മുൻ ഏഷ്യാനെറ്റ് ചീഫ് എഡിറ്ററും, ഇപ്പോൾ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പിന്റെ പ്രവർത്തകനും, ഐ പി സി എൻ എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റുമായ ജോർജ് തെക്കേമല തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
“ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയപ്പോൾ മുതൽ പത്രപ്രവർത്തനത്തിൽ തുടർപഠനം നടത്തണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇരുപത്തിയഞ്ച് വർഷത്തോളം മനസ്സിൽ മോഹമായി കിടന്നതാണ് മാധ്യമരംഗത്തേക്ക് ചുവടുറപ്പിക്കണം എന്നുള്ളത്. അതിനുള്ള ശ്രമങ്ങൾ പലകുറി നടത്തിയതുമാണ്, എന്നാൽ ഫലവത്തായില്ല. എന്നെ മാധ്യമരംഗത്തേക്ക് കൈപിടിച്ചുനടത്തിയ സൈമൺ വാളാച്ചേരിയോടാണ് ആദ്യമേ നന്ദി പറയാനുള്ളത്. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തുറന്നുപറഞ്ഞ് എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെ നിന്നിട്ടുള്ള അനിലേട്ടനോടും നന്ദിയുണ്ട്,” രാജേഷ് വര്ഗീസ് തന്റെ ഈ സ്ഥാനം ഔദോഗികമായി സ്വീകരിച്ചതിനു ശേഷം പറഞ്ഞു.
“യുഎസ്എ യിൽ നിന്ന് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ്ന്യൂസ്, കൈരളി ടി വി, ഫ്‌ളവേഴ്‌സ്ന്, 24 ന്യൂസ് എന്നീ ചാനലുകൾ നല്ല രീതിയിൽ തന്നെ പ്രോഗ്രാമുകൾ പ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാൽ പ്രാദേശിക വാർത്തകളും കമ്മ്യൂണിറ്റിയുടെ സ്പന്ദനം തൊട്ടറിഞ്ഞുള്ള പരിപാടികളും കുറെ കൂടി പൂർണമായി സംപ്രേഷണം ചെയ്യുന്ന ഒരു ദൃശ്യമാധ്യമത്തിന്റെ വിടവ് പ്രകടമാണ്,” രാജേഷ് വർഗീസ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല, സെക്രട്ടറി ഫിനി ജോർജ്, ട്രഷറർ മോട്ടി മാത്യു, നാഷണൽ ജോയിന്റ് സെക്രട്ടറി ജോയ് തുമ്പമൺ, അംഗങ്ങളായ അനിൽ ആറൻമുള, ജോർജ് പോൾ ഫ്‌ളവേഴ്‌സ് ടീവീ, നേർക്കാഴ്ച സൈമൺ വാളാച്ചേരിൽ, ശങ്കരൻ കുട്ടി, ജീമോൻ റാന്നി, വിജു എബ്രഹാം, അജു വാരിക്കാട്, റോഷി സി മാലത്ത് കൂടാതെ പ്രവാസി ചാനലിന്റെ ക്ഷണം സ്വീകരിച്ചെത്തി ഫൊക്കാനയെ പ്രതിനിധീകരിച്ചു ട്രുസ്ടീ ബോർഡ് സെക്രട്ടറി ജോസഫ് ഈപ്പൻ, ഫോമായെ പ്രതിനിധികരിച്ചു റീജിയണൽ വൈസ് പ്രസിഡന്റ് മാത്യുസ് മുണ്ടക്കൽ, വേൾഡ് മലയാളി കൌൺസിൽ വൈസ് പ്രസിഡന്റ് ജോജി ജോസഫ്, MAGH പ്രെസിഡന്റ് അനിൽ ആറന്മുള, മുൻ പ്രസിഡന്റ് വിനോദ് വാസുദേവൻ, മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ, കൺവൻഷൻ ചെയർ ഗിരിജ കൃഷ്ണൻ, ഫ്രീഡിയ എന്റർടൈൻമെന്റ് ചെയർമാൻ ഡോക്ടർ ഫ്രീമു വർഗീസ്, ഡയസ് ദാമോദരൻ, അപ്ന ബാസാർ സുരേഷ് രാമകൃഷ്ണൻ, തോമസ് ഒലിയാൻകുന്നേൽ എന്നിവർ ഈ പ്രസ് മീറ്റിൽ മുഴുവൻ സമയം പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
തികച്ചും സൗജന്യമായി ആപ്പിൾ-ഗൂഗിൾ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്ന ഏറ്റവും നൂതനമായ ‘മീഡിയ ആപ്പ് യു എസ എ’ യിലൂടെയും, കൂടാതെ WWW.PRAVASICHANNEL.COM എന്ന വെബ്‌സൈറ്റിൽ കൂടിയും തൽക്ഷണം ചാനൽ 24 മണിക്കൂറും ലോകത്തെവിടെ നിന്നും കാണാനുള്ള സംവിധാനം ഒരുങ്ങി കഴിഞ്ഞു എന്ന് മാധ്യമങ്ങളുടെ ചോദ്യോത്തര വേളയിൽ സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. ഹൂസ്റ്റണിൽ നിന്ന് സ്വന്തമായി പ്രോഗ്രാമുകൾ തുടങ്ങുന്നത്തിനും റിയാലിറ്റി ഷോ അവതരിപ്പിക്കുന്നതിനും ചർച്ചകൾ തുടങ്ങിയതായും, ഹൂസ്റ്റണിൽ നിന്നും മറ്റു പ്രവാസി ചാനലിന് വേണ്ടി ഒരു ടീമിനെ തയ്യാറാക്കുന്നുണ്ടെന്നും റീജിയണൽ ഡയറക്ടർ രാജേഷ് വര്ഗീസ് ചോദ്യങ്ങൾക്കു മറുപടിയായി പറയുകയുണ്ടായി.
മാധ്യമ പ്രവർത്തകരുടെ മറ്റൊരു പ്രധാന ചോദ്യങ്ങളിൽ ഒന്നായിരുന്നു ‘എങ്ങനെ പ്രവാസി ചാനൽ സാധാരണ ടെലിവിഷനിലൂടെ കാണാൻ സാധിക്കും’ എന്നത്. “മീഡിയ ആപ്പ് യു എസ് എ നോർത്ത് അമേരിക്കയിൽ ലഭിക്കുന്ന എല്ലാ ടെലിവിഷൻ സെറ്റുകളിലും ഇൻസ്റ്റാൾ ചെയ്യാനുള്ള സംവിധാനം ഉടൻ ലഭ്യമാകും എന്ന് അതിനു മറുപടിയായി സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. വളരെ ചിലവേറിയ ഒരു കാര്യമായതിനാൽ സംരംഭകരുടെ സഹായവും വേണ്ടി വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക തലത്തിൽ കൂടുതൽ പ്രതിനിധ്യവും , ചാനൽ കാര്യങ്ങൾ ക്രോഡീകരിചു കൊണ്ടും പ്രവാസി ചാനൽ വിപുലീകരിക്കുക എന്ന ആശയം സുനിൽ ട്രൈസ്റ്റാർ പങ്കുവച്ചപ്പോൾതന്നെ അതിന്റെ സാധ്യതകൾ എനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നു രാജേഷ് വർഗീസ് പറഞ്ഞു. ‘ഹ്യുസ്റ്റണിലെ മലയാളികളുടെ എണ്ണം ഇരുപത്തി അയ്യായിരത്തിനു മുകളിലാണ്. ഒരാളിലൂടെ തന്നെ ആയിരം കുടുംബങ്ങളിലേക്ക് എത്താം. പ്രിന്റ് മീഡിയയിലൂടെ കമ്മ്യൂണിറ്റി വാർത്തകൾ ഓരോ അമേരിക്കൻ മലയാളിയിലേക്കും എത്തുന്നുണ്ട്.
‘എന്നാൽ, നമ്മുടെ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഉണ്ടാകുന്നുണ്ടോ? വിവിധ ദേവാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങളായാലും രണ്ടുമിനിറ്റു മാത്രം ആയി സംപ്രേഷണം ചെയ്യാനുള്ള സാഹചര്യമേ നിലവിൽ ലഭ്യമായിട്ടുള്ളു. പ്രാദേശിക പരിപാടികൾക്കായി പ്രത്യേകം സ്ലോട്ട് എടുത്താൽ നമ്മുടെ ഇഷ്ടാനുസാരം ഇത്തരം പരിപാടികൾ ടെലികാസ്റ്റ് ചെയ്യാനാകും. അങ്ങനൊരു ഉദ്യമത്തിന് നേതൃത്വം വഹിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അതിന് ഏവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണ്.
‘ഏഷ്യാനെറ്റിന്റെ ജോർജ് ചേട്ടൻ, ഫ്ലവേർസിന്റെ ജോർജ് പോൾ, കൈരളിയുടെ മോട്ടി മാത്യു, ഹാർവെസ്റ് ടി വി യുടെ ഫിന്നി ജോർജ് മറ്റു എല്ലാ മാധ്യമ സുഹൃത്തുക്കളും ഈ പ്രസ് മീറ്റിൽ എത്തി ഞങ്ങളുടെ ഈ സംരഭത്തിന് ആശംസ നൽകി. അവരും കൂടെ ഉണ്ടാകുമെന്ന ധൈര്യമുണ്ട്. മറ്റു ചാനലുകളിലൂടെ എന്ത് നടക്കുന്നോ, അത് തുടരട്ടെ. സമാന്തരമായി നമുക്ക് മറ്റൊരു വഴിതുറക്കേണ്ടിയിരിക്കുന്നു. റോഷിയെപ്പോലെ മികച്ച ഗായകനും എഴുത്തുകാരനും കോ-ഓർഡിനേറ്ററുമായ ഒരാളെ അവതാരകനായി ലഭിച്ചു. എഴുത്തുകാരനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സാന്നിധ്യവുമായ അജു വാരിക്കാടിനെ പോലെയുള്ളവരെ ഉൾപ്പെടുത്തി ചാനൽ വിപുലീകരിക്കുന്നതാണ്. ഇത് ഒരു വലിയ നേട്ടമായി കാണുന്നു. കൂടുതൽ നിർദ്ദേശങ്ങളുമായി ഈ സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തുറ്റ ടീം അംഗങ്ങളെയാണ് ഒപ്പം കൂട്ടിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാം,’ രാജേഷ് വർഗീസ് പറഞ്ഞു.
പ്രാദേശിക തലത്തിലെ വിപുലീകരണത്തിൻറെ ഭാഗമായി അതാത് മേഖലകളിലെ ഉത്തരവാദിത്തങ്ങൾ ഇത്തരത്തിൽ കൈമാറുന്നത് പ്രവാസി ചാനലിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും അതോടൊപ്പം പ്രവാസികളുടെ സ്വന്തം ചാനൽ എല്ലാ മലയാളികളും ഇരു കയ്യും നീട്ടി സ്വീകരിക്കും എന്നുള്ള പ്രത്യാശയും സുനിൽ ട്രൈസ്റ്റാർ പങ്കുവച്ചു. വർഷങ്ങളായുള്ള ശ്രമങ്ങൾക്ക് ശേഷമാണ് ഇങ്ങനൊരു ചുവടുവയ്പ്പ് യാഥാർത്ഥ്യമാകുന്നത്. ഓരോ പ്രദേശത്തും നടക്കുന്ന സാമുദായിക-സാംസ്കാരിക പരിപാടികൾ പ്രേക്ഷകസമക്ഷം മിഴിവോടെ യഥാസമയം എത്തിക്കുന്നതോടൊപ്പം ആ മേഖലയിൽ നിന്നുള്ള പരസ്യങ്ങൾ സംഘടിപ്പിച്ച് സാമ്പത്തികപരമായും ചാനലിനെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് റീജിയണൽ ഡയറക്ടർമാരെ ഏൽപ്പിക്കുന്നത്.
എല്ലാ റീജിയണൽ ഡിറക്ടർമാരും ഓരോ ബിസിനസ് ഡെവലപ്മെന്റ് മാനേജർസ് ആണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത് വരെ 5 ഇടങ്ങളിൽ പ്രവാസി ചാനലിന്റെ റീജിയണൽ ഡയറക്റ്റര്മാരുമായി എഗ്രിമെന്റ് ഒപ്പിട്ടു കഴിഞ്ഞു. ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. പ്രവാസി ചാനലുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ പ്രവാസി ചാനലിന്റെ മാനേജ്‌മെന്റുമായി ബന്ധപ്പെടാവുന്നതാണ്. ഒർലാണ്ടോ, ഫ്ലോറിഡ. ഫിലാഡൽഫിയ, അറ്റ്ലാന്റ, ഡാളസ് എന്നീ സ്ഥലങ്ങളിലെ റീജിയണൽ ഡയറക്ടറാമാരെ ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്.
Report : Sunil Tristar