വ്യാജ ഏറ്റുമുട്ടല്‍ സര്‍ക്കാരിന്റെ ജീര്‍ണത മറച്ചു വയ്ക്കാന്‍; സ്വര്‍ണക്കടത്തില്‍ പുറത്ത് വരുന്നത് നാണംകെട്ട തെളിവുകള്‍.
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നല്‍കിയ ബൈറ്റ് (27/10/2022)
കൊച്ചി : വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നത്. ജനങ്ങളെ കബളിപ്പിക്കാനാണിത്. കോവിഡ് കാലത്ത് നടന്ന 1333 കോടി രൂപയുടെ കൊള്ള, പൊലീസ് അതിക്രമങ്ങള്‍, സി.പി.എമ്മും പോഷക സംഘടനകളും അഴിഞ്ഞാടുന്ന സ്ഥിതി, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉള്‍പ്പെടെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് വ്യാജ ഏറ്റുമുട്ടല്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ ജീര്‍ണത മറച്ചു വയ്ക്കാന്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തിയ ഗൂഡാലോചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വി.സി നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് സി.പി.എം രാജ് ഭവന്‍ വളയുന്നത്. സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാരിനൊപ്പമായിരുന്നു ഗവര്‍ണര്‍. പിന്നെ എന്തിനാണ് രാജ്ഭവന്‍ വളയുന്നത്? കേസ് തള്ളണമെന്ന സര്‍ക്കാരിന്റെ അതേ നിലപാടാണ് സുപ്രീം കോടതിയില്‍ ഗവര്‍ണറും സ്വീകരിച്ചത്.
സോളാര്‍ കേസിലെ പ്രതിയുടെ പേരില്‍ കേരളം മുഴുവന്‍ ബഹളമുണ്ടാക്കുകയും സെക്രട്ടേറിയറ്റ് വളയുകയും ചെയ്തവര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ് പറയുന്നത്. എന്തൊരു ഇരട്ടത്താപ്പാണിത്. സോളാര്‍ കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടവരാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് വിശ്വാസ്യതയില്ലെന്ന് പറയുന്നത്. ദിവസവും നാണം കെടുത്തുന്ന തെളിവുകളാണ് പുറത്ത് വരുന്നത്.
ഉന്നത വിദ്യാസമേഖലയില്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിദേശ സര്‍വകലാശാല കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് എസ്.എഫ്.ഐക്കാരെ വിട്ട് ടി.പി ശ്രീനിവാസന്റെ കരണത്തടിച്ചത്. ആറു വര്‍ഷത്തിന് ശേഷം വിദേശ സര്‍വകലാശാല കൊണ്ടുവരുമ്പോള്‍ ആരുടെ കരണത്താണ് അടിക്കേണ്ടതെന്ന് സി.പി.എം നേതാക്കള്‍ എസ്.എഫ്.ഐക്ക് പറഞ്ഞുകൊടുക്കണം.
സി.പി.എം പ്രാദേശിക നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിട്ട് പോലും പൊലീസ് കേസെടുത്തില്ല. കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയാണ്. കുസാറ്റില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ കയറി ആക്രമണം നടത്തി തീയിട്ടിട്ടും കേസെടുത്തിട്ടില്ല. പാര്‍ട്ടി നേതാക്കള്‍ നിയമം കൈയ്യിലെടുത്താല്‍ അതിനെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷമുണ്ടാകുമെന്നത് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നു.