ബിഗ് സല്യൂട്ട്, ടൂറിസ്റ്റ് ക്ലബ്ബ് അംഗങ്ങളെ നേരിട്ടുകണ്ട് അഭിനന്ദിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

Spread the love

സുസ്ഥിര വിനോദസഞ്ചാര വികസനത്തിന് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ടൂറിസം ക്ലബ്ബ് അംഗങ്ങളെ നേരിട്ടുകണ്ട് അഭിനന്ദിച്ച് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആക്കുളം ടൂറിസ്റ്റ് സെന്ററില്‍ നടപ്പിലാക്കിയ റിവൈവ് ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായ ടൂറിസം ക്ലബ്ബ് അംഗങ്ങളെയാണ് മന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചത്. വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കലാപരവും സാങ്കേതികപരവുമായ കഴിവുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണിത്. ആക്കുളം ടൂറിസ്റ്റ് സെന്ററിന്റെ ചുറ്റുമതിലില്‍ ആക്കുളത്തിന്റെ ചരിത്രമടങ്ങിയ ചിത്രങ്ങള്‍ വരച്ചതും കേന്ദ്രത്തിലെ കേടായ വിളക്കുകളും മറ്റ് ഇലക്ട്രിക് ജോലികളും പൂര്‍ത്തിയാക്കിയതും ടൂറിസം ക്ലബ് അംഗങ്ങളാണ്. കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിനിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പ്രശംസാ ഫലകവും മന്ത്രി വിതരണം ചെയ്തു. ഇവിടെ ഉദ്ഘാടനത്തിനൊരുങ്ങുന്ന സാഹസിക ടൂറിസം കേന്ദ്രവും സന്ദര്‍ശിച്ചാണ് മന്ത്രി മടങ്ങിയത്. വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ്, ഡി.റ്റി.പി.സി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Author