ലഹരി വിരുദ്ധ കാമ്പയിന്‍: നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല

Spread the love

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല തീര്‍ക്കും. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിന് വിപുലമായ പരിപാടികളും ബോധവല്‍ക്കരണവുമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അടൂര്‍ മണ്ഡലത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെയും പ്രചരണ പരിപാടികളുടെയും ഭാഗമായാണ് മനുഷ്യ ശൃംഖല ഒരുക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തുടങ്ങി പഴയ പ്രൈവറ്റ് ബസ്റ്റാന്‍ഡ്, ഗാന്ധി സ്മൃതി മൈതാനം വഴി ഗാന്ധി പ്രതിമയുടെ മുമ്പില്‍ അവസാനിക്കുന്ന തരത്തിലാണ് മനുഷ്യശൃംഖല തീര്‍ക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന മനുഷ്യശൃംഖലയില്‍ നഗര പരിസരത്തെ വിവിധ സ്‌കൂളുകളിലെയും കോളജിലെയും വിദ്യാര്‍ഥികള്‍, വിവിധ ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിചേരുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.ഇതിന് മുന്നോടിയായി ഇന്ന് (28) ന് രാവിലെ 8.30ന് സൈക്കിള്‍ റാലി സംഘടിപ്പിക്കും. ഗാന്ധി സ്മൃതി മൈതാനത്ത് നിന്നും ആരംഭിച്ച് ബൈപ്പാസ് വഴി തിരികെ ഗാന്ധി സ്മൃതി മൈതാനത്ത് എത്തിച്ചേരുന്ന സൈക്കിള്‍ റാലിയില്‍ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും എന്‍സിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്, എസ്പിസി, എന്‍എസ്എസ് വോളണ്ടിയേഴ്സ്, വിവിധ യുവജന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.അടൂര്‍ നഗരസഭയും കുടുംബശ്രീയും ചേര്‍ന്ന് ലഹരിവിരുദ്ധ വിളംബര ജാഥ ഈ മാസം 31 ന് വൈകുന്നേരം അടൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ ഗാന്ധി പാര്‍ക്ക് മൈതാനം വരെ സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

Author