33 കോടിരൂപയുടെ അത്യാധുനിക മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, മികവിലേക്കുയര്‍ന്ന് പാറശാല താലൂക്കാശുപത്രി

Spread the love

സമഗ്രവികസനത്തിന് 153 കോടിയുടെ മാസ്റ്റര്‍പ്ലാന്‍
പ്രതിദിനം രണ്ടായിരത്തിലധികമാളുകള്‍ ചികിത്സ തേടിയെത്തുന്ന പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതുജീവന്‍ വയ്ക്കുന്നു. ആതുര സേവന രംഗത്ത് പാറശ്ശാല മണ്ഡലം രചിക്കുന്നത് പുതുചരിത്രം. കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേർന്ന് പാറശ്ശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ നവീകരണം സാധ്യമാക്കുന്നതോടെ ജില്ലയിലെ മികച്ച ആശുപത്രിയായി മാറും. ഇതിലൂടെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിപാലന സേവന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിയുമെന്ന് സി കെ ഹരീന്ദ്രന്‍ എം എല്‍ എ പറഞ്ഞു.
കിഫ്ബിയുടെ ധനസഹായത്തോടെ 33 കോടി രൂപ ചെലവിലാണ് ആശുപത്രി നവീകരിക്കുന്നത്. നാല് നിലകളിലായി എല്ലാവിധ ആധുനിക സംവിധാനങ്ങളോടു കൂടി ട്രോമാകെയര്‍ ഉള്‍പ്പെടെയുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.ഇതിനുപുറമേ ഡയാലിസിസ് യൂണിറ്റ്, മാതൃ ശിശു ബ്ലോക്ക്, ലേഡീസ് അമിനിറ്റി സെന്റര്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഒഫ്‌തോമെട്രി വിഭാഗം തുടങ്ങി വിവിധ മേഖലകളിലായി എട്ടു കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആശുപത്രിയില്‍ നടപ്പിലാക്കിയത്.ആശുപത്രിയുടെ വികസനത്തിനായി 153 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വർഷം നവംബറിൽ ഉദ്ഘാടനം ചെയ്യാവുന്ന തരത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.

Author