ഇലക്ട്രിക് ഓട്ടോറിക്ഷ അസംബ്ലിംഗ്; കൂടുതൽ ക്യാമ്പസുകളിൽ ഉപകേന്ദ്രങ്ങൾ സ്ഥാപിക്കും

Spread the love

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി’യിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ അസംബിൾ ചെയ്യാനുള്ള ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായ ആക്‌സിയോൺ വെഞ്ചേഴ്സുമായി ‘അസാപ്’ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടതായും മന്ത്രി അറിയിച്ചു.
വൈദ്യുതവാഹന രംഗത്തെ വളർന്നുവരുന്ന സാധ്യതകൾക്കൊത്ത് ക്യാമ്പസുകളെ ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സർക്കാറിന്റെ നയമാണ് ഇതുവഴി നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൂടുതൽ സാങ്കേതികപഠന സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിക്കുന്നതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ മറ്റു ക്യാമ്പസുകളിലും ഉപകേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് പ്രിൻസിപ്പാൾ ഷാജിൽ അന്ത്രു, അസാപ് കേരള സ്റ്റേറ്റ് കോർഡിനേറ്റർ (പോളിടെക്‌നിക്) ഫ്രാൻസിസ് ടി.വി, അക്‌സിയോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ബ്രിജേഷ് ബാലകൃഷ്ണൻ എന്നിവർ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം ഒപ്പു വച്ചു.

Author