വെളുത്തു മെലിഞ്ഞു നീലക്കണ്ണുള്ള കുഞ്ഞച്ചൻ തികഞ്ഞ ക്നാനായകാരനാണ്. കുഞ്ഞച്ചന് നാല് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. എല്ലാവരും ഒത്തൊരുമയോടെ സ്നേഹമായി കഴിയുന്നു. കുഞ്ഞച്ചൻറെ കൂട്ടുകാരെ സ്വന്തം കൂട്ടുകാരെ പോലെയാണ് അവർ കരുതുന്നത്. കുഞ്ഞച്ചൻറെ അപ്പച്ചനും അമ്മച്ചിയും ആറുമാസം നാട്ടിലും ആറുമാസവും അമേരിക്കയിലുമാണ് താമസം . എല്ലാ വാരാന്ത്യങ്ങളിലും കുഞ്ഞച്ചൻറെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാവും. കഴിഞ്ഞാഴ്ച അപ്പച്ചന്റെയും അമ്മച്ചിയുടെയും അമ്പതാം വിവാഹ വാർഷികത്തിന് നേരത്തെ വരണമെന്ന് പറഞ്ഞിരുന്നു.
കുഞ്ഞച്ചൻറെ റൗലറ്റിലെ വീട് അലങ്കരിച്ച് വളരെ മനോഹരമാക്കിയിരുന്നു . ആസ്ഥാന ഗായകൻ മാത്യു സൗണ്ട് സിസ്റ്റം സെറ്റപ്പ് ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞച്ചനെ അവിടെയെങ്ങും കണ്ടില്ല. ഏതാണ്ട് 7 മണി ആയപ്പോൾ കുഞ്ഞച്ചൻറെ അമ്മച്ചി സിൽക്ക് ചട്ടയും, സിൽക്ക് മുണ്ടും, മേക്കാമോതിരവും അണിഞ്ഞ് പ്രൗഡഗംഭീരയായി
സോഫയിൽ വന്നിരുന്നു. നാടൻ മുറിക്കയ്യൻ ഷർട്ടും,ഒറ്റകരയാൻ വെള്ള മുണ്ട് ഉടുത്ത് കുഞ്ഞച്ചൻറെ അപ്പച്ചൻ മാത്യൂസിനെ സഹായിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും കുഞ്ഞച്ചൻ കേക്കുമായി എത്തി. I-30 ഹൈവേയിൽ കൺസ്ട്രക്ഷൻ നടക്കുന്നതുകൊണ്ടാണ് വരാൻ വൈകിയതെന്ന് കുഞ്ഞച്ചൻ പറഞ്ഞു.
ഒരു ചെറിയ ഫാമിലി ചടങ്ങായിരുന്നു. എങ്കിലും ഒരു പാർട്ടി മൂഡില്ല. എന്നോട് രണ്ടു വാക്ക് പറഞ്ഞു നമുക്ക് പരിപാടികൾ തുടങ്ങാമെന്ന് കുഞ്ഞച്ചൻ പറഞ്ഞു . എല്ലാവരും അമ്മച്ചിയെ ചുറ്റിപ്പറ്റി ആണ് നിൽക്കുന്നത്. എന്നാൽ അമ്മച്ചിയോട് എന്തെങ്കിലും ചോദിച്ചു തുടങ്ങാം എന്ന് ഞാൻ വിചാരിച്ചു.
“അമ്മച്ചി , ഹാപ്പി വെഡിങ് ആനിവേഴ്സറി, 50 വർഷം മുൻപ് അപ്പച്ചനെ കണ്ടുമുട്ടിയത് എങ്ങനെയൊന്ന് ഞങ്ങളോട് പറയാമോ”
“ഓ.. ഓക്കേ ,മോൻ അത് ചോദിച്ചത് നന്നായി, നിങ്ങളെല്ലാവരും ഇരിക്ക്. എൻറെ അപ്പനും, ഇതിയാൻറെ അപ്പനും ഭരണങ്ങാനത്ത് മലഞ്ചരക്ക് കച്ചോടം ആയിരുന്നു. അവർ തമ്മിലുള്ള സ്നേഹമ ,മോനെ ഈ ബന്ധത്തിൽ കലാശിച്ചത്. എനിക്കിഷ്ടകുറവുണ്ടായിട്ടില്ല,പക്ഷേ ഒരു മിലിട്ടറികാരനെ കല്യാണം കഴിക്കില്ല എന്ന് ഞാൻ എം പണ്ടേ പറഞ്ഞിരുന്നു. ഈ ആറു മക്കളെയും പെറ്റത് മിലിട്ടറി കോട്ടേഴ്സ് ലും , സതേൺ റെയിൽവേൽവേയിലും ആണ്. 50 വർഷത്തെ കാര്യങ്ങൾ ഒരുപാട് പറയാനുണ്ട്…..
കുഞ്ഞച്ചൻ, മാത്യൂസിന്റെ ചെവിയിൽ … എന്തോ പറയുന്നത് ശ്രദ്ധിച്ചു .
മാത്യൂസ് ‘ഹാപ്പി വെഡിങ് ആനിവേഴ്സറി’ എന്നുള്ള പാട്ട് ഉച്ചത്തിൽ പാടിയത് വളരെ പെട്ടെന്നായിരുന്നു.
ഗുണപാഠം: ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കുക.