വിദ്യാര്‍ത്ഥികള്‍ നാടുവിട്ടോടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമ്മിലടി അവസാനിപ്പിക്കണം : അഡ്വ. വി.സി.സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥി തലമുറ നാടുവിട്ട് കൂട്ടപ്പാലായനം നടത്തുമ്പോഴും സംസ്ഥാന ഭരണസംവിധാനങ്ങള്‍ തമ്മിലടിച്ച് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വന്യജീവി അക്രമങ്ങള്‍, ബഫര്‍സോണ്‍, വിഴിഞ്ഞം, കടക്കെണി തുടങ്ങിയ വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വിദ്യാഭ്യാസ പ്രതിസന്ധി സര്‍ക്കാര്‍ ആയുധമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് രണ്ടു ഭരണകേന്ദ്രങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയും വീറും വാശിയുമാണ്. ഇതിന്റെ അനന്തരഫലമനുഭവിക്കുന്നത് കേരളത്തിന്റെ ഭാവിതലമുറയും വിദ്യാര്‍ത്ഥിസമൂഹവുമാണ്. പഠിക്കാനായി യുവജനങ്ങള്‍ കേരളം വിട്ടോടുന്ന നിലവിലെ സ്ഥിതിവിശേഷത്തിന് ആക്കംകൂട്ടുന്നതാണ് ഗവര്‍ണര്‍ ഗവണ്‍മെന്റ് പോര്.

നിയമങ്ങള്‍ അട്ടിമറിച്ചുള്ള നിയമനങ്ങളും, കെടുകാര്യസ്ഥതയും നിലവാരത്തകര്‍ച്ചയും മാത്രമല്ല, ഉന്നത നിലവാരം പുലര്‍ത്തുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആസൂത്രിതമായി കലാപശാലയാക്കുന്ന രാഷ്ട്രീയ കടന്നുകയറ്റവും കലാലയങ്ങളില്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നത് വന്‍ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കും. സംസ്ഥാനത്തെ പല പ്രമുഖ കോളജുകളിലും സര്‍ക്കാര്‍ അനുവദിച്ച സീറ്റുകളില്‍പോലും വിദ്യാര്‍ത്ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുത്തതിനുശേഷവും കേരളം വിടുന്ന സ്ഥിതിവിശേഷം ശക്തമായി തുടരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നോ വിദേശരാജ്യങ്ങളില്‍ നിന്നോ ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തില്‍ എത്തുന്നവര്‍ ഇല്ലാതായി. ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ത്ത് കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് കൊട്ടിഘോഷിക്കുകയും അതിനായി നിയമനിര്‍മ്മാണങ്ങള്‍ നടത്താനൊരുങ്ങുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ നാളുകളായി തുടരുന്ന അരക്ഷിതാവസ്ഥയും തമ്മിലടിയും അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി പിടിവാശികള്‍ ഉപേക്ഷിച്ച് നിയമാനുസൃതം പ്രവര്‍ത്തിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍

Author