ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ പരിശോധന

Spread the love

ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്തുന്നതിനുമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ പരിശോധന നടത്തി. പത്തനംതിട്ട നഗരത്തിലെയും കോഴഞ്ചേരിയിലെയും അരി, പലവ്യഞ്ജന മൊത്ത വ്യാപാരശാലകളിലായിരുന്നു പരിശോധന. പത്തനംതിട്ട നഗരത്തില്‍ പരിശോധന നടത്തിയ രണ്ട് മൊത്ത വ്യാപാരശാലകളില്‍ ഒരിടത്ത് ക്രമക്കേട് കണ്ടെത്തി. കോഴഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമികമായി ക്രമക്കേട് കാണപ്പെട്ടില്ല.
മൊത്ത വ്യാപാരശാലയുടെ പര്‍ച്ചേസ് വിലയും വില്‍പ്പന വിലയും തമ്മില്‍ ക്രമാതീതമായ വ്യത്യാസം ഉണ്ടോയെന്നു പരിശോധിച്ചു. പൊതുവിപണിയില്‍ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും ക്രമാതീതമായ വില ഈടാക്കുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും ജില്ലാ കളക്ടര്‍ പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.

Author