കുന്നംകുളം താലൂക്ക് തല ഉദ്ഘാടനം നടന്നു.
താലൂക്ക് തല പരാതി പരിഹാര അദാലത്ത് ‘ജനസമക്ഷം 2022’ ന് ജില്ലയിൽ തുടക്കമായി. കുന്നംകുളം താലൂക്ക് തലത്തിൽ നടന്ന അദാലത്ത് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലയിലുള്ള ജനങ്ങളുടെയും പ്രശ്നത്തിന് പരിഹാരം കാണാനാണ് അദാലത്തുകൾ വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് എംഎൽഎ പറഞ്ഞു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാചകത്തെ ഓർമ്മപ്പിച്ച എംഎൽഎ ഫയലുകളിൽ കെട്ടിക്കിടക്കുന്ന ജീവിതങ്ങളെ പ്രകാശഭൂരിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പറഞ്ഞു.
എല്ലാ ആഴ്ചയിലും ഒരു ദിവസം താലൂക്ക് തലത്തിൽ അദാലത്ത് നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വ്യാഴാഴ്ചയും അദാലത്തുകൾ നടത്തുന്നതിന് തീരുമാനിച്ചതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. ജനങ്ങളുടെ പരാതി കേട്ട് സമയബന്ധിതമായി പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഒരു തവണ അദാലത്ത് നടത്തി കഴിഞ്ഞാൽ വീണ്ടും പഴയക്രമത്തിൽ തന്നെ താലൂക്കുകളിൽ അദാലത്ത് നടത്തും. ഓരോ താലൂക്കിലും ആദ്യത്തെ അദാലത്തിൽ ലഭിച്ച അപേക്ഷകൾ രണ്ടാമത്തെ അദാലത്തിന് മുമ്പായി നിർബന്ധമായും തീർപ്പാക്കി അപേക്ഷകന് മറുപടിയോ റിപ്പോർട്ടോ നൽകുമെന്നും കലക്ടർ പറഞ്ഞു.
പരാതി പരിഹാര അദാലത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് പ്രഥമപരിഗണന നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം , സാമൂഹ്യനീതി, വനിത ശിശുവികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) ലൈഫ് മിഷൻ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഭൂമിയുടെ തരംമാറ്റുന്നതിനുള്ള അപേക്ഷകളും റേഷൻ കാർഡ് ബിപിഎൽ ആക്കുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി മാത്രം സ്വീകരിക്കുന്നതിനാൽ അദാലത്തിൽ പരിഗണിക്കില്ല.