സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയ്ക്ക് തുടക്കമായി

Spread the love

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോള്‍ ശാസ്ത്രീയ വിദ്യാഭാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എറണാകുളം ടൗൺഹാളിൽ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷണല്‍ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം. അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കും. ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക അവധിക്കാല ക്യാംപ് സംഘടിപ്പിക്കുമെന്നും ശാസ്ത്ര അഭിരുചിയും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ മികച്ച സൗകര്യമൊരുക്കുന്ന ഉദ്യമം ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുകയാണ്. അക്കാദമിക് നിലവാരത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് അടുത്ത ഘട്ടം. കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കും വിധമായിരിക്കണം വരുംനാളുകളിലെ പഠനരീതി. താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കി അവരെ പാകപ്പെടുത്തി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്‌പെയര്‍ അവാര്‍ഡ് – മനാക് (മില്യൻ മൈൻഡ്‌സ് ഓഗ്മെന്റിങ് നാഷണൽ ആസ്പിരേഷൻസ് ആന്റ് നോളജ് )ദേശീയ മത്സരത്തില്‍ പങ്കെടുത്ത കേരളത്തിലെ വിവിധ സ്‌കൂളുകളിലെ 11 വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ഘാടന വേദില്‍ മന്ത്രി ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു.
നവംബര്‍ 10 മുതല്‍ 12 വരെ ആറു വേദികളിലായി നടക്കുന്ന ശാസ്ത്ര മേളയില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍. സെന്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ററി സ്‌കൂളാണ് ശാസ്ത്രമേളയ്ക്കു വേദിയാകുന്നത്. ഗണിത ശാസ്ത്രമേള കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളിലും സാമൂഹ്യശാസ്ത്രമേള എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസിലുമാണ് നടക്കുന്നത്. ഐ.ടി മേള നടക്കുന്നത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. വൊക്കേഷണല്‍ എക്സ്പോ, കരിയര്‍ സെമിനാര്‍, തൊഴില്‍മേള എന്നിവയുടെ വേദി എറണാകുളം എസ്.ആര്‍.വി എച്ച്.എസ്.എസ് ആണ്.

Author