പൂതാടി ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 2640 പേര്‍ക്ക് രേഖകള്‍ നല്‍കി. സമാപന സമ്മേളനം ജില്ല കളക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി പദ്ധതി അവലോകനം ചെയ്തു.
815 ആധാര്‍ കാര്‍ഡുകള്‍, 910 റേഷന്‍ കാര്‍ഡുകള്‍, 710 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 785 ബാങ്ക് അക്കൗണ്ട്, 103 ആരോഗ്യ ഇന്‍ഷുറന്‍സ്, എന്നിവക്ക് പുറമെ 1021 മറ്റ് രേഖകള്‍ ഉൾപ്പെടെ ഉള്ള 48 14 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 30 കൗണ്ടറുകള്‍ ഇതിനായി ഒരുക്കിയിരുന്നു.
ചടങ്ങില്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ വിവിധ വകുപ്പുകള്‍ക്കുള്ള പ്രശംസപത്രവും, വിവിധ രേഖകള്‍ ലഭ്യമായ ഗുണഭോക്താക്കള്‍ക്കുള്ള രേഖകളും ജില്ലാ കളക്ടര്‍ എ.ഗീത വിതരണം ചെയ്തു. സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.ജോഷി തോമസിനെ ചടങ്ങിൽ ആദരിച്ചു.