സംസ്ഥാനത്തെ ട്രഷറി വകുപ്പിൽ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ഒരു ഭാഗത്ത് സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുന്നു. മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സർക്കാർ വകുപ്പുകളെ നവീകരിക്കുന്നത് സിവിൽ സർവീസിനെ മൊത്തത്തിൽ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. ഇത് സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ്. ആ രീതിയിലുള്ള മനോഭാവം ജീവനക്കാരിൽ നിന്നും ഉണ്ടാവണം,’ സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരം പട്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുജനങ്ങളുമായി ബന്ധപ്പെട്ട് അഭിമാനകരമായി പ്രവർത്തിക്കുന്ന അനുഭവമാണ് നമ്മുടെ ട്രഷറിയിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു.
എല്ലാ ആധുനിക സൗകര്യങ്ങളും ട്രഷറി ആസ്ഥാനമന്ദിരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പ്യൂട്ടർവത്കരണം വളരെ നേരത്തെ നടപ്പാക്കിയ വകുപ്പാണ് ട്രഷറി. സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനം മാതൃകാപരമായ രീതിയിൽ നടപ്പാക്കി. ഇടപാടുകളെല്ലാം ഓൺലൈൻ വഴിയാക്കി. അടിസ്ഥാന സൗകര്യ വികസനം, നടപടിക്രമങ്ങളുടെ പരിഷ്‌കരണവും സേവനങ്ങളുടെ വിപുലീകരണവും, സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കൽ, ജീവനക്കാരുടെ ശേഷി വർധിപ്പിക്കൽ ഇങ്ങനെയുള്ള നവീകരണപ്രവർത്തനങ്ങൾ സർക്കാരിന്റെ സാമ്പത്തിക ക്രയവിക്രയം കൂടുതൽ സുതാര്യമാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.