ഒരു കുടുംബം സാംസ് ക്ലബില്‍ ഷോപ്പിങ് നടത്തുകയായിരുന്നു. പിതാവും മാതാവും അവരുടെ ആറും രണ്ടും വയസ്സുള്ള കുട്ടികളും. അവരെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ അവരെ പിന്തുടര്‍ന്നു. അവര്‍ ചൈനയില്‍ നിന്ന് വന്നതാണെന്ന് അയാള്‍ അനുമാനിച്ചു. കടയില്‍ എങ്ങുനിന്നോ ഒരു കത്തി കണ്ടുപിടിച്ചു അയാള്‍ ആദ്യം കുട്ടികളുടെ പിതാവിന്റെ കത്തികൊണ്ടു വരഞ് അവിടെ നിന്ന് അപ്രത്യക്ഷനായി. പുറത്തുനിന്നു മൂര്‍ച്ചയുള്ള മറ്റൊരു കത്തിയുമായി അയാള്‍ തിരിച്ചു സാംസ് ക്ലബില്‍ എത്തി ആ ചെറിയ കുടുംബത്തെ വീണ്ടും കണ്ടുപിടിച്ചു. തുടര്‍ന്ന് ഷോപ്പിംഗ് കാര്‍ട്ടിന്റെ മുന്നിലെ ബാസ്‌കറ്റില്‍ ഇരുന്നിരുന്ന രണ്ടു കുട്ടികളെയും അയാള്‍ ആക്രമിച്ചു. ആറു വയസുള്ള കുട്ടിയുടെ മുഖത്ത് വെട്ടിമുറിവേല്‍പ്പിച്ചു . തുടര്‍ന്ന് എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് മറ്റുള്ളവര്‍ ചേര്‍ന്ന് അയാളെ പിടിച്ചു മാറ്റി പോലീസിനെ ഏല്‍പ്പിച്ചു. ആ കുടുംബം ചൈനയില്‍ നിന്ന് വന്നതാണെന്നും ചൈനയില്‍ നിന്ന് കോവിഡ് കൊണ്ടുവന്നവര്‍ ആണെന്നും ആറു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്താനായിരുന്നു അയാളുടെ ഉദ്ദേശ്യമെന്നും അയാള്‍ പോലിസിനോട് ഏറ്റുപറഞ്ഞു. 2020 മാര്‍ച്ച് 14നായിരുന്നു സംഭവം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നാം തിയതി മുപ്പത്തിയേഴു വയസുള്ള ഒരാളെ പോലീസ് പിടി കൂടി. രണ്ടു മാസത്തിനുള്ളില്‍ പതിനാലു സ്ത്രീകളെ ആക്രമിക്കുകയും കവര്‍ച്ച ചെയ്യുകയും ചെയ്തതിനാണ് അയാള്‍ പിടിയില്‍ ആയതു. ആക്രമണത്തിനിരയായവര്‍ എല്ലാവരും തന്നെ സാരിയോ മറ്റു ഇന്ത്യന്‍ വസ്ത്രമോ ധരിച്ചവര്‍ ആയിരുന്നു. ഒരു സംഭവം ഇങ്ങനെയായിരുന്നു: റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന ഒരു ഭാര്യയെയും ഭര്‍ത്താവിനെയും കുറ്റവാളി സമീപിച്ചു വഴി ചോദിച്ചു. തുടര്‍ന്ന് അയാള്‍ ദമ്പതികളുടെ പുറകേ നടന്നു. ആദ്യം സ്ത്രീയെ ഉന്തിയിട്ടു; പിന്നെ ഭര്‍ത്താവിന്റെ മുഖത്തു ശക്തമായി ഇടിച്ചു. സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പറിച്ചെടുത്തു അയാള്‍ നടന്നകന്നു. ആ സ്ത്രീയുടെ കൈത്തണ്ടയ്ക്കും ഭര്‍ത്താവിന്റെ മൂക്കിനും ഒടിവുണ്ടായി. വര്‍ഗ്ഗീയ വിദ്വേഷം ആയിരുന്നു ആക്രമണങ്ങള്‍ക്കു കാരണമെന്ന് പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ന്യൂ യോര്‍ക്ക് ക്വീന്‍സിലെ ശാന്തമായ ഒരു ഭാഗത്തു ഒരു ബ്ലോക്കില്‍ തന്നെ മൂന്ന് സമയങ്ങളില്‍ ആയി സിക്ക് മതക്കാര്‍ ശാരീരികാക്രമണത്തിനിരകള്‍ ആയി എന്ന് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വംശത്തിന്റെയും പാരമ്പര്യത്തിന്റെയും വിവേചനത്തില്‍ ആയിരകണക്കിന് സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സംഭവങ്ങളുടെ കണക്കു അനുമാനിക്കാനാവില്ല. അതിനു ഇരയായവരുടെ ജീവിതം നശിപ്പിക്കുക മാത്രമല്ല അവരുടെ കുടുംബത്തെയും ബന്ധുക്കളെയും ആഘാതമേല്പിക്കുകയും താറുമാറാക്കുകയും ചെയ്യുകയാണ്. അവര്‍ ഉള്‍പ്പെടുന്ന കമ്യൂണിറ്റിയില്‍ ഭീതിയും സംശയവും സംഘര്‍ഷവും സൃഷ്ടിക്കുകയാണ്. സമൂഹത്തില്‍ സ്ഥാനമില്ലായെന്ന തോന്നലുണ്ടാക്കുകയാണ്. ധൈര്യത്തോടെ സ്വതന്ത്രമായി സുരക്ഷിതമായി പുറത്തിറങ്ങാനുള്ള അവകാശത്തിനു ക്ഷയം സംഭവിക്കുകയാണ്.
കുടിയേറ്റത്തിന്റെ തുടക്കം മുതല്‍ സമത്വത്തിനും സാമൂഹികപങ്കാളിത്വത്തിനും തിരിച്ചറിയപ്പെടുന്നതിനും വേണ്ടിയുള്ള പോരാട്ടത്തിനു വിധേയര്‍ ആയിരുന്നു ഏഷ്യന്‍ അമേരിക്കക്കാര്‍. അപരിചിതരോടുള്ള സംശയവും ഭയവും വെറുപ്പും മൂലം ഏഷ്യക്കാര്‍ ഇടയ്ക്കിടയ്ക്കായി അനുഭവിച്ചുകൊണ്ടിരുന്ന വിഷമതകള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് കോവിഡ് പകര്‍ച്ചവ്യാധിയുടെ ആരംഭത്തോടെ പാരമ്യതയില്‍ എത്തുകയായിരുന്നു. വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും കാണാത്ത ഭാവം നടിച്ചുകൊണ്ടുമുള്ള വിവേചനം മുതല്‍ ശാരീരികമായും മാനസികമായുമുള്ള പീഡനങ്ങളും സാധാരണം. വെറുപ്പോടെയുള്ള കൂട്ടക്കൊല വരെ നമ്മുടെ സമൂഹത്തില്‍ വര്ധിച്ചുകൊണ്ടിരിക്കുന്നു.
സമൂഹത്തിന്റെ തന്നെ മൂല്യങ്ങള്‍ക്കും സമഗ്രതയ്ക്കും കോട്ടം വരുത്തുന്ന വിധം പതിവായി മാറുന്ന ഇത്തരം അന്യവംശ വിദ്വേഷത്തിലും അസഹിഷ്ണുതയിലും അധിഷ്ഠിതമായ കുറ്റസംഭവങ്ങള്‍ അതിനു വിഷയീഭവിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ സമൂഹഭാഗങ്ങളുടെ ഒറ്റക്കെട്ടായ, ശക്തമായ ശ്രമങ്ങള്‍ക്കു വേണ്ടിയുള്ള വിളിയായി കാണേണ്ടിയിരിക്കുന്നു. ഹീനമായ അക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ദൃക്സാക്ഷികള്‍ ആകുന്നവരില്‍ പലരും അവയ്ക്കിരയായവരെ സഹായിക്കാനോ അവയെ തടസ്സപ്പെടുത്താനോ ആഗ്രഹമുണ്ടെങ്കിലും സ്വന്തം സുരക്ഷിതത്വമില്ലായ്മമൂലം നിസ്സഹായര്‍ ആകുകയാണ് ചെയ്യുന്നത്. വെറുപ്പുമൂലമുള്ള അക്രമസംഭവങ്ങള്‍ ഏതെങ്കിലും നിശ്ചിത സ്ഥലത്തുവച്ചോ സമയത്തോ നടക്കാറില്ല. നമ്മള്‍ എല്ലാവരും തന്നെ വിവേചനത്തിനും വെറുപ്പിനും ഇരയാകുവാനുള്ള സാഹചര്യങ്ങളും സാധ്യതയും വര്‍ധിക്കുന്നു എന്നതാണ് പ്രവണത സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ സംഭവങ്ങള്‍ക്കു സാക്ഷി ആകുന്നത്തിനുള്ള സാധ്യതയും.
ഏഷ്യന്‍ അമേരിക്കന്‍ പസിഫിക് ഐലാന്‍ഡര്‍ കമ്യൂണിറ്റി
ചൈനക്കാര്‍, ഇന്ത്യക്കാര്‍, ഫിലിപ്പിനോകള്‍, മറ്റു ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍, പസിഫിക് ദ്വീപുകളില്‍ നിന്നുള്ളവര്‍ യു എസ് സെന്‍സസ് ബ്യുറോയും യു എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ലേബറും ഒരു വിഭാഗമായാണ് കണക്കില്‍ പെടുത്തിയിട്ടുള്ളത്. ഏഷ്യന്‍ അമേരിക്കന്‍ പസിഫിക് ഐലാന്‍ഡര്‍ എന്നറിയപ്പെടുന്ന ഈ വിഭാഗത്തില്‍ അവസാനത്തെ കണക്കനുസരിച്ചു ചൈനക്കാരും (5.1 ദശലക്ഷം) ഇന്ത്യക്കാരും (4.5 ദശലക്ഷം) ഫിലിപ്പിനോകളും (4.1) മുന്നില്‍ നില്‍ക്കുന്നു. ന്യൂ യോര്‍ക്ക് സംസ്ഥാനത്തു 2.5 ദശലക്ഷം വരുന്ന ഏഷ്യന്‍ പസിഫിക് ഐലന്‍ഡര്‍ കമ്യൂണിറ്റി ഏറ്റവും വേഗത്തില്‍ വളരുന്ന സമൂഹഘടകമായാണ് കണക്കാക്കപ്പെടുന്നത്.
വിദ്യാഭ്യാസം, സമൂഹവിഭാഗങ്ങളുടെ കാര്യക്ഷമത, സാമൂഹികോത്തരവാദിത്വത്തിലുള്ള പങ്ക്, സാമ്പത്തിക വളര്‍ച്ച, രാജ്യ വ്യവസ്ഥിതിക്കുള്ള സംഭാവന, തുടങ്ങിയവയില്‍ മുന്നില്‍ നില്‍ക്കുന്ന സമൂഹവിഭാഗ മെന്ന നിലയ്ക്ക് ‘മോഡല്‍ മൈനോറിറ്റി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഈ മാനദണ്ഡങ്ങളില്‍ പെടാത്ത അനേകം പേരുണ്ട്. ഏഷ്യന്‍ അമേരിക്കക്കാര്‍ എല്ലാവരും സമൃദ്ധരാണെന്ന കാഴ്ചപ്പാടില്‍ അവര്‍ അദൃ ശ്യര്‍ ആകുകയാണെന്നത് വിരോധാഭാസമെത്ര.
ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തിനെതിരെയുള്ള സംഘടിത ശ്രമം
സാമൂഹികതുല്യതയ്ക്കും നീതിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടലിനും അതുപോലെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട തുല്യാവകാശങ്ങള്‍ക്കും വിദ്യാഭ്യാസാവസരങ്ങള്‍ക്കും വേണ്ടി വാദിക്കുന്ന ഒരു സംയുക്ത സംഘടനയാണ് ഏഷ്യന്‍ അമേരിക്കന്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസ്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക് (ഐനാനി) ഈ സംഘടനയോട് സഹകരിച്ചു ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തെ നേരിടാന്‍ ശ്രമം നടത്തുകയാണ്. സമൂഹത്തില്‍ അവബോധം വളര്‍ത്തുകയും സ്വന്തം സുരക്ഷിതത്വത്തിന് കോട്ടം വരാതെ അക്രമങ്ങള്‍ക്കു തടസ്സം ഉണ്ടാക്കാന്‍ കഴിവുകള്‍ പറഞ്ഞുകൊടുക്കുകയുമാന് ഐനാനി ഇപ്പോള്‍ ചെയ്യുന്നത്. കമ്മ്യൂണിറ്റി ഫോറങ്ങളും ചെറിയ കൂട്ടായ്മകളും അതിനു യോജിച്ച വേദികളായി കണ്ടു അവയിലൂടെ തങ്ങളുടെ ദൗത്യം നിറവേറ്റുകയാണ് ഐനാനി. എക്കോ ഫോര്‍ ഹെല്പ് എന്ന ലോങ്ങ് ഐലന്റിലെ പ്രമുഖ സന്നദ്ധ സംഘടനാ ആയിരുന്നു ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തെ കുറിച്ച് മോലോയ് യൂണിവേഴ്‌സിറ്റി അസോഷ്യേറ്റ് പ്രൊഫെസ്സര്‍ ആയ ഐനാനി പ്രസിഡന്റ് ഡോ. അന്നാ ജോര്‍ജ്, നോര്‍ത് വെല്‍ ഹെല്‍ത് സിസ്റ്റം നേഴ്‌സ് സയന്റിസ്റ്റ് ഡോ. ആനി ജേക്കബ്. എന്നിവര്‍ക്ക് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയത്.
ഐക്യവും സ്വീകാര്യതയും ദീനാനുകമ്പയ്ക്കുള്ള പാതയാക്കിയ എക്കോയുടെ നിരുപാധികമായ സ്വാഗതത്തിനും പിന്തുണയ്ക്കും പ്രത്യേകിച്ച് എക്കോയുടെ സാബു ലൂക്കോസ്, രാജു എബ്രഹാം എന്നിവര്‍ക്ക് ഡോ. ജോര്‍ജ് ചാരിതാര്‍ഥ്യം പ്രകടിപ്പിച്ചു. ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തിനെതിരെയുള്ള അടുത്ത പ്രേസേന്റ്‌റേഷന്‍ ഫ്‌ലോറല്‍ പാര്‍ക്കിലെ ദില്‍ബാര്‍ റെസ്റ്റാറ്റാന്റില്‍ നവംബര്‍ പത്തൊമ്പതിനു ഐനാനിയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ആയിരിക്കുമെന്ന് ഡോ. ജോര്‍ജ് സൂചിപ്പിച്ചു. അമേരിക്കയിലെ ആദ്യത്തെ ഇന്ത്യക്കാരിയായ അക്യൂട്ട് കെയര്‍ നേഴ്‌സ് പ്രാക്ടീഷണറും ന്യൂ യോര്‍ക്ക് സിറ്റി ഹെല്‍ത് ആന്‍ഡ് ഹോസ്പിറ്റല്‍സ് കോര്‍പറേഷനിലെ ഡയറക്ടറുമായ ഡോ. സോളിമോള്‍ കുരുവിളയും പോള്‍ ഡി പനയ്ക്കലുമായിരിക്കും നവംബര്‍ പത്തൊമ്പതിനു സംസാരിക്കുന്നത്.
ജോയിച്ചൻപുതുക്കുളം