ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കും : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം :  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മതിയായ തസ്തികകളുള്‍പ്പെടെ സൃഷ്ടിച്ച് മികച്ച സ്ഥാപനമാക്കി മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ പ്രമേഹത്തോടൊപ്പം വയോജന ചികിത്സക്കും പരിപാലനത്തിനും പുറമേ എന്റോക്രൈനോളജി, കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കിവരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രമേഹത്തിനും പ്രമേഹാനുബന്ധ രോഗങ്ങള്‍ക്കും അത്യാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രിയായി ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പുലയനാര്‍കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസില്‍ വച്ച് നടന്ന ലോക പ്രമേഹദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ വലിയ വെല്ലുവിളിയാണ്. രോഗ നിര്‍ണയം നടത്തി മതിയായ ചികിത്സ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്താദിമര്‍ദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്.

18 വയസിന് താഴെയുള്ള പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതി വഴി സൗജന്യ മരുന്ന് ലഭ്യമാക്കി വരുന്നു. 18 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി മരുന്ന് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടര്‍ ഡോ. ജബ്ബാര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ക്ലീറ്റസ് എന്നിവര്‍ സംസാരിച്ചു.

Author